clkc mch

െമഡിക്കൽ കോളജ് എ.സി പ്രവർത്തിക്കുന്നില്ല; പനിച്ചൂടിനൊപ്പം വിയർത്തുരുകി അത്യാഹിത വിഭാഗം കാഷ്വാലിറ്റി ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന മുന്നറിയിപ്പുമായി ജൂനിയർ ഡോക്ടർമാർ കോഴിക്കോട്: നിന്നുതിരിയാനിടമില്ലാത്ത മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ എ.സി പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ. വിയർത്തുകുളിച്ച് ദുരിതമനുഭവിക്കുകയാണ് രോഗികളും ഡോക്ടർമാരും മറ്റു ജീവനക്കാരും. ആവശ്യത്തിന് വൈദ്യുതി വിതരണമില്ലാത്തതിനാലാണ് ആറ് എ.സികൾ ഉണ്ടായിട്ടും ഒന്നുപോലും കൃത്യമായി പ്രവർത്തിക്കാത്തത്. അകത്തേക്ക് വായുസഞ്ചാരമില്ലാത്ത രീതിയിൽ വ​െൻറിലേഷനുകൾ അടച്ചത് ദുരിതം ഇരട്ടിയാക്കുന്നുണ്ട്. 44 ലക്ഷം ചെലവിട്ട് എ.സികൾ സ്ഥാപിച്ചിട്ട് രണ്ട് വർഷം പോലുമായിട്ടില്ല. വൈദ്യുതി തടസ്സത്തെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇത് പൂർണമായും പ്രവർത്തനം നിലച്ചിരുന്നു. ഇക്കാരണത്താൽ ഇവിടെ സേവനമനുഷ്ഠിക്കുന്ന പലർക്കും ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടിരുന്നു. നാല് ഫാനുകൾ വാടകക്ക് എത്തിച്ച് താൽകാലികമായി സ്ഥാപിച്ചിരിക്കുകയാണ്. കുറഞ്ഞ വിസ്താരം മാത്രമുള്ള മെഡിസിൻ, ഓർത്തോ, സർജറി തുടങ്ങിയ വിവിധ വിഭാഗങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്ന കാഷ്വാലിറ്റിയിൽ തിരക്കേറിയ സമയങ്ങളിൽ നൂറിലേറെ പേരെക്കൊണ്ട് നിറയും. പനിക്കാലമായതോടെ രോഗികളെയും ബന്ധുക്കളെയും കൊണ്ട് നിന്നുതിരിയാനിടമില്ലാത്ത സാഹചര്യമാണ് അത്യാഹിത വിഭാഗത്തിലുള്ളത്. മഴക്കാലമെത്തിയതോടെ വർധിച്ചുവരുന്ന വാഹനാപകടങ്ങളിൽ പെട്ട് ഗുരുതരാവസ്ഥയിലെത്തുന്നവരുടെ എണ്ണവും വർധിക്കുകയാണ്. പലപ്പോഴും ഇവിടെ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരെക്കൊണ്ട് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണ്. പി.ജി ഡോക്ടർമാരും ഹൗസ് സർജൻമാരുമാണ് കാഷ്വാലിറ്റിയിൽ ഏറെയും ജോലിചെയ്യുന്നത്. കാഷ്വാലിറ്റിയിലെ ദുരിതത്തിന് അറുതി വരുത്തിയില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന നിലപാടിലാണ് ഇവരിൽ പലരും. അത്യാഹിത വിഭാഗത്തിലേക്കും മുകൾ നിലയിലെ രക്തബാ‍ങ്കിലേക്കും തടസ്സമില്ലാതെ വൈദ്യുതിയെത്തിക്കുന്നതിനായി ട്രാൻസ്ഫോർമർ സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഏറെകാലത്തെ പഴക്കമുണ്ട്. ഇതിനായി മോർച്ചറിക്കു സമീപത്തെ ട്രാൻസ്ഫോർമർ മാ‍റ്റി സ്ഥാപിക്കാനൊരുങ്ങുകയാണ് ആശുപത്രി അധികൃതർ. എന്നാൽ ഏറ്റവും തിരക്കേറിയ ഈ പനിക്കാലത്തുതന്നെ ഇതിനുള്ള നടപടികൾ ത്വരിതഗതിയിലാക്കണമെന്നാണ് കാഷ്വാലിറ്റിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.