വയനാട്ടിൽ വീണ്ടും ഡിഫ്തീരിയ; ഈ വർഷം രോഗം ബാധിച്ചവരുടെ എണ്ണം 12 ആയി

നൂൽപ്പുഴയിലെ പതിനെട്ടുകാരിക്ക് രോഗം സ്ഥിരീകരിച്ചു സുൽത്താൻ ബത്തേരി: വയനാട്ടിൽ ഈ വർഷം ഡിഫ്തീരിയ ബാധിച്ചവരുടെ എണ്ണം വീണ്ടും ഉയരുന്നു. നൂൽപ്പുഴയിലെ കല്ലൂർ സ്വദേശിനിയായ പതിനെട്ടുകാരിക്കുകൂടി ചൊവ്വാഴ്ച ഡിഫ്തീരിയ സ്ഥിരീകരിച്ചതോടെ ഈ വർഷം ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 12 ആയി. കടുത്ത പനിയും ചുമയും തൊണ്ടവേദനയും കാരണം കഴിഞ്ഞ ചൊവ്വാഴ്ച നൂല്‍പ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടിയ പെൺകുട്ടിയെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് സ്വാബ് പരിശോധനക്കായി മണിപ്പാല്‍ വൈറോളജി ലാബിലേക്ക് അയച്ചു. ഡിഫ്തീരിയ രോഗബാധ സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ചൊവ്വാഴ്ചയാണ് ലഭിച്ചത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജില്ലയിൽ മുൻവർഷമില്ലാത്ത വിധം ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. കഴിഞ്ഞ വര്‍ഷം ഒരാൾക്ക് മാത്രമാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചതെങ്കിൽ ഈ വര്‍ഷം പകുതി ആവുമ്പോഴേക്കും 12- പേർക്കാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്. അതിനാൽ ആരോഗ്യ വകുപ്പ് ജാഗ്രതയിലാണ്. ആരോഗ്യവകുപ്പ് അധികൃതര്‍ കോളനികൾ, സ്‌കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ചു ബോധവത്കരണ ക്ലാസുകളും പരിശോധന ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. പ്രതിരോധ കുത്തിവെപ്പെടുക്കാനുള്ള വൈമനസ്യമാണ് രോഗികളുടെ എണ്ണം കൂടുന്നതിനു കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.