പേരാമ്പ്ര: ഭൂനികുതി സ്വീകരിക്കാത്തതിനെ തുടർന്ന് ചെമ്പനോട വില്ലേജ് ഓഫിസിൽ കർഷകൻ തോമസ് ആത്മഹത്യ ചെയ്ത കേസിൽ സഹോദരെൻറയും സുഹൃത്തിെൻറയും മൊഴിയെടുത്തു. സുഹൃത്തും താലൂക്ക് വികസന സമിതി അംഗവുമായ രാജൻ വർക്കി, തോമസിെൻറ സഹോദരൻ ജോസ് എന്നിവരിൽനിന്നാണ് മൊഴിയെടുത്തത്. വെള്ളിയാഴ്ച രാവിലെ പേരാമ്പ്ര സർക്കിൾ ഓഫിസിൽ എത്തിയ ഇരുവരുടേയും മൊഴി സി.ഐ കെ.പി. സുനിൽകുമാർ രേഖപ്പെടുത്തി. നികുതി സ്ഥിരമായി സ്വീകരിക്കുന്നതിൽ നടപടി വൈകിയപ്പോൾ വില്ലേജ് ഓഫിസർക്കു നൽകിയ ആത്മഹത്യാ ഭീഷണി കത്തിെൻറ പകർപ്പ് രാജൻ ഏപ്രിൽ 27ന് വർക്കിക്കും നൽകിയിരുന്നു. നികുതി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പിന്നീട് തോമസിെൻറ ഭാര്യ മോളി കൊടുത്ത അപേക്ഷയിൽ പിറ്റേന്നുതന്നെ വില്ലേജ് അധികൃതർ റിപ്പോർട്ട് തയാറാക്കി കൊയിലാണ്ടി താലൂക്ക് ഓഫിസിനു കൈമാറി. ഇതിന്മേൽ നടപടിയെടുക്കാൻ തഹസിൽദാർ കാലതാമസം വരുത്തിയതാണ് ആത്മഹത്യയിലേക്ക് വഴിതെളിച്ചതെന്നാണ് രാജൻ വർക്കി മൊഴി നൽകിയത്. സഹോദരൻ ജോസും വില്ലേജ് അധികൃതരുടെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായതായി മൊഴി നൽകിയിട്ടുണ്ട്. ബന്ധുക്കളിൽനിന്ന് മൊഴിയെടുക്കുന്നത് ശനിയാഴ്ചയും തുടരുമെന്ന് സി.ഐ 'മാധ്യമ'ത്തോട് പറഞ്ഞു. എന്നാൽ, ആത്മഹത്യാ കുറുപ്പിൽ പരാമർശമുള്ള സഹോദരൻ ജിമ്മിയെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. തോമസിെൻറ ആത്മഹത്യാ കുറുപ്പിൽ പേരുണ്ടായിരുന്ന ചെമ്പനോട വില്ലേജ് മുൻ അസിസ്റ്റൻറും ഇപ്പോൾ കൂരാച്ചുണ്ട് സ്പെഷ്യൽ വില്ലേജ് ഒാഫിസറുമായ സിലീഷ് തോമസിനെതിരെ കേസെടുത്ത് റിമാൻറ് ചെയ്തിരിക്കുകയാണ്. സിലീഷിനെ സസ്പെൻറ് ചെയ്തതിനെതിരേയും ജയിലിലടച്ചതിനെതിരേയും സി.പി.ഐയുടെ സർവിസ് സംഘടനയായ ജോയൻറ് കൗൺസിൽ രംഗത്തുവന്നു. അനധികൃത ക്വാറികൾക്കെതിരേയും കൈയേറ്റങ്ങൾക്കെതിരേയും ശക്തമായ നടപടിയെടുക്കുന്ന സത്യന്ധനായ ഉദ്യോഗസ്ഥനായ സിലീഷിനെ ബലിയാടാക്കാൻ അനുവദിക്കില്ലെന്ന് കൗൺസിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.