പനി: യോഗതീരുമാനങ്ങൾ ഉടൻ നടപ്പാക്കണം -ടി. സിദ്ദീഖ് കോഴിക്കോട്: സംസ്ഥാനത്ത് പകർച്ചപ്പനി രൂക്ഷമായ സാഹചര്യത്തിൽ സ്വന്തം വീഴ്ച മറച്ചുവെക്കാനാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും പഴിചാരി സംസാരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡൻറ് ടി.സിദ്ദീഖ് വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. സർവകക്ഷിയോഗത്തിലും കോഴിക്കോട്ട് കഴിഞ്ഞയാഴ്ച ചേർന്ന യോഗത്തിലും എടുത്ത തീരുമാനങ്ങളൊന്നും ഇതുവരെയായിട്ടും നടപ്പാക്കിയില്ല. പനിബാധിതരുടെയും മരിച്ചവരുടെയും എണ്ണം പോലും പറയാൻ കഴിയാത്ത മന്ത്രി സ്വന്തം ഉത്തരവാദിത്തം നിർവഹിക്കാതെ വാചകമടിക്കുകയാണ്. പനിബാധിതർക്ക് പ്രത്യേക ഒ.പി കൗണ്ടർ തുറക്കുമെന്നും പനി വാർഡ് തുടങ്ങുമെന്നും പനി നിയന്ത്രണാധീനമാകുംവരെ താൽക്കാലിക ഷെഡുകൾ സ്ഥാപിച്ച് ചികിത്സ ഫലപ്രദമാക്കുമെന്നുമെല്ലാം യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതൊന്നും നടപ്പാക്കിയില്ല. ആശുപത്രികളിലെ നൂറുകണക്കിന് ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒഴിവുനികത്താൻ പോലും സാധിച്ചിട്ടില്ല. ഇതിനിടയിൽ മെഡിക്കൽ കോളജിൽ നിന്ന് നൂറോളം ഡോക്ടർമാരെ മറ്റിടങ്ങളിലേക്ക് മാറ്റി. ജില്ലയിൽ വന്നുപോയിട്ടും പകർച്ചപ്പനി രൂക്ഷമായ കൂരാച്ചുണ്ട് സന്ദർശിക്കാനോ പഞ്ചായത്ത് പ്രസിഡൻറിനെ വിളിക്കാനോ മന്ത്രി തയാറായില്ല. സാധാരണഗതിയിൽ ജനുവരി മുതൽ നടത്താറുള്ള മഴക്കാലപൂർവ ശുചീകരണം ഇത്തവണ പനി ബാധിച്ച് നിരവധി പേർ മരിച്ചതിനുശേഷമാണ് തുടങ്ങിയത്. ബേപ്പൂർ രാധാകൃഷ്ണൻ, ബാബു പൈക്കാട്ടിൽ, പി.എം. അബ്ദുറഹ്മാൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.