കുന്ദമംഗലം: നീണ്ട കാത്തിരിപ്പിനുശേഷം കാരന്തൂര്‍ പാറക്കടവ് പാലം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ജി. സുധാകരന്‍, എ.കെ. ശശീന്ദ്രന്‍, എം.കെ. രാഘവന്‍ എം.പി, പി.ടി.എ. റഹീം എം.എല്‍.എ എന്നിവര്‍ സംബന്ധിക്കും. നാലുപതിറ്റാണ്ടായി കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കോണോട്ട്, പയമ്പ്ര പ്രദേശത്തുകാര്‍ പാറക്കടവില്‍ പാലത്തിനായി ആവശ്യപ്പെട്ടുവരുകയായിരുന്നു. 2006ല്‍ പാറക്കടവ് പാലത്തിന് ശിലയിട്ടെങ്കിലും നീണ്ട 11 വര്‍ഷമായി പൂര്‍ത്തിയാകാന്‍. ഒരു വര്‍ഷക്കാലം നീണ്ട ടെന്‍ഡര്‍ നടപടിക്കൊടുവില്‍ നിര്‍മാണസാമഗ്രികള്‍ക്കുണ്ടായ വിലക്കയറ്റം കാരണം നാല് സ്പാനുകള്‍ നിര്‍മിച്ച് കരാറുകാരന്‍ പിന്‍വാങ്ങി. രണ്ടു വര്‍ഷമെടുത്ത റീടെന്‍ഡര്‍ നടപടിക്കുശേഷം 2012ല്‍ പാലംപണി പൂര്‍ത്തിയാക്കിയെങ്കിലും അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം കോടതി കയറി. പാലത്തിന്‍െറ കാരന്തൂര്‍ ഭാഗത്തുള്ള അപ്രോച്ച് റോഡ് സ്ഥലതര്‍ക്കമാണ് പിന്നെയും നാലുവര്‍ഷം നിര്‍മാണം വൈകിച്ചത്. തര്‍ക്കം പരിഹരിച്ച് 2016ലാണ് അപ്രോച്ച് റോഡ് നിര്‍മാണം ഏറ്റെടുത്തത്. കുന്ദമംഗലം, കുരുവട്ടൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പൂനൂര്‍ പുഴക്കു കുറുകെ 67 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് പാലം. പാലത്തിന്‍െറ കോണോട്ട് ഭാഗത്ത് 200 മീറ്റര്‍ നീളത്തിലും കാരന്തൂര്‍ ഭാഗത്ത് 165 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡും നിര്‍മിച്ചിട്ടുണ്ട്. പയമ്പ്ര, നരിക്കുനി, ബാലുശ്ശേരി, നന്മണ്ട ഭാഗങ്ങളില്‍നിന്ന് മെഡിക്കല്‍ കോളജ്, കുന്ദമംലം ഭാഗത്തേക്ക് 10 കിലോമീറ്റര്‍ ദൂരം കുറയുകയും നഗരത്തിലെ ഗതാഗതക്കുരുക്കില്‍പെടാതെ യാത്ര ചെയ്യാന്‍ സാധിക്കുകയും ചെയ്യും.നാലു കോടിയോളം രൂപ ചെലവില്‍ നിര്‍മിച്ച പാലം പൂര്‍ണമായും ഉപയോഗപ്പെടണമെങ്കില്‍ ഇരുഭാഗത്തെ അപ്രോച്ച് റോഡുകള്‍ക്കും ശേഷമുള്ള പഞ്ചായത്ത് റോഡുകള്‍ അടിയന്തരമായി വികസിപ്പിക്കണം. കോണോട്ട് ഭാഗത്ത് പറമ്പില്‍ബസാറിലേക്ക് എത്തുന്ന പാറക്കടവ്-കുനിയേടത്ത്താഴം റോഡ് തകര്‍ന്നുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.