കോഴിക്കോട്: കുരുക്കഴിയാതെ വികസനം മുരടിച്ച മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നന്നാക്കുന്നതിനുള്ള മുഴുവന്‍ ഫണ്ടും മാര്‍ച്ചിന് മുമ്പുതന്നെ ലഭ്യമാക്കുമെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിനായി സ്ഥലം വിട്ടുനല്‍കാന്‍ സമ്മതപത്രം നല്‍കിയവരുടെയും നല്‍കാന്‍ തയാറായവരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മതപത്രം നല്‍കിയ ഭൂവുടമകള്‍ ആധാരം നല്‍കുന്നതിനനുസരിച്ച് ഫണ്ട് നല്‍കും. ബാക്കിയുള്ളവരുടെ ഭൂമി നിയമപ്രകാരം ഏറ്റെടുക്കും. ഭൂമി ഏറ്റെടുക്കല്‍ നടപടി എ.ഡി.എമ്മിന്‍െറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ പൂര്‍ത്തിയാക്കും. ആധാരം പരിശോധിക്കുന്നതിന് റവന്യൂ ഉദ്യോഗസ്ഥരെയും കൂടുതല്‍ നിയമോപദേശകരെയും നിയമിക്കും. കലക്ടറേറ്റിലെ ഉദ്യോഗസ്ഥ സംവിധാനം റോഡിനായി പൂര്‍ണമായി സഹകരിക്കും. ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ച ചൂണ്ടിക്കാണിച്ചാല്‍ അവ പരിഹരിക്കും. മാനാഞ്ചിറയില്‍നിന്ന് വെള്ളിമാടുകുന്നിലേക്കുള്ള റോഡിന്‍െറ വികസനത്തിന് ആവശ്യമായ ഭൂമിയുടെ ആധാരം നല്‍കുന്ന ഏതു സ്ഥലത്തിനും നഷ്ടപരിഹാരത്തുക ലഭ്യമാക്കുമെന്നും പ്രദീപ്കുമാര്‍ പറഞ്ഞു. മലാപ്പറമ്പ് ഹൗസിങ് കോളനി അസോസിയേഷന്‍ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഇ. പ്രശാന്ത്കുമാര്‍, സുനില്‍കുമാര്‍, പി.എം. കോയ, കെ.പി. വിജയകുമാര്‍, പ്രദീപ് മാമ്പറ്റ, കെ.പി. ശ്രീജന്‍, പി. സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.