രാജ്യത്തെ ഇരുട്ടിലാക്കുന്നതിനെതിരെ ജാഗ്രത വേണം –മന്ത്രി സുനില്‍കുമാര്‍

കോഴിക്കോട്: രാജ്യത്തെ ഇരുട്ടിലേക്ക് തള്ളിവിടാനുള്ള നീക്കങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍. 68ാം റിപ്പബ്ളിക് ദിനത്തില്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ നടന്ന ജില്ലതല ആഘോഷത്തില്‍ റിപ്പബ്ളിക് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. ദേശീയതയെ തകര്‍ക്കുന്നതിനും ഇന്ത്യയെ വീണ്ടും കോളനിയാക്കുന്നതിനുമുള്ള ഗൂഢശക്തികളുടെ പരിശ്രമങ്ങള്‍ക്കെതിരെയുള്ള യോജിച്ച പോരാട്ടത്തിന് നാം സജ്ജരാകണം. സ്വാതന്ത്ര്യവും സമത്വവും ഐശ്വര്യപൂര്‍ണമായ ജീവിതവും എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശമാണ്. പാവനമായ നമ്മുടെ രാജ്യത്തിന്‍െറ ഭരണഘടന ഉറപ്പുതരുന്ന മൗലികാവകാശങ്ങള്‍ ഏവര്‍ക്കും ലഭ്യമാവണം. അവകാശങ്ങള്‍ക്കായി നിലകൊള്ളുമ്പോള്‍തന്നെ ഉത്തരവാദിത്തങ്ങള്‍ മറന്നുകൂട. വൈജാത്യങ്ങളെ തുറന്ന മനസ്സോടെ ഉള്‍ക്കൊള്ളണം. സഹിഷ്ണുതയും സഹകരണവും എല്ലാ മേഖലയിലും വളര്‍ത്തിയെടുക്കണം. രാജ്യത്തിന്‍െറ പൊതുതാല്‍പര്യങ്ങളെ ഹനിക്കുന്ന നിലപാടുകള്‍ ആരുടെ ഭാഗത്തുനിന്നായാലും അംഗീകരിക്കാനാവില്ല. ഭരണരംഗത്തും രാഷ്ട്രീയരംഗത്തും അര്‍ബുദം പോലെ വ്യാപിക്കുന്ന അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന പ്രതിജ്ഞ പുതുക്കാനുള്ള അവസരം കൂടിയാണിതെന്നും മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.പിമാരായ എം.കെ. രാഘവന്‍, എം.ഐ. ഷാനവാസ്, എം.എല്‍.എമാരായ വി.കെ.സി. മമ്മദ് കോയ, പുരുഷന്‍ കടലുണ്ടി, എ. പ്രദീപ്കുമാര്‍, പാറക്കല്‍ അബ്ദുല്ല, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി, വൈസ് പ്രസിഡന്‍റ് റീന മുണ്ടേങ്ങാട്ട്, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ജില്ല കലക്ടര്‍ എന്‍. പ്രശാന്ത്, സിറ്റി പൊലീസ് കമീഷണര്‍ ജെ. ജയനാഥ്, റൂറല്‍ പൊലീസ് മേധാവി എം.കെ. പുഷ്കരന്‍, അസി. കലക്ടര്‍ കെ. ഇമ്പശേഖര്‍, എ.ഡി.എം.ടി. ജനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഏറ്റവും മികച്ച പ്ളാറ്റൂണുകള്‍ ക്കുള്ള ട്രോഫികള്‍ മന്ത്രി സമ്മാനിച്ചു. മൊത്തം 27 പ്ളാറ്റൂണുകളാണ് പരേഡില്‍ അണിനിരന്നത്. ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്സ് (റൂറല്‍) ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് വി. അശോകന്‍ നായര്‍ കമാന്‍ഡറായി പരേഡ് നയിച്ചു. പൊലീസിന്‍െറ നാല് പ്ളാറ്റൂണുകള്‍, എക്സൈസ്, ഫോറസ്റ്റ് എന്നിവയുടെ ഓരോ പ്ളാറ്റൂണ്‍, എന്‍.സി.സിയുടെ ആര്‍മി, നേവല്‍ വിങ് അടക്കം എട്ട് പ്ളാറ്റൂണുകള്‍, സ്കൗട്ട്സിന്‍െറയും ഗൈഡ്സിന്‍െറയും ഓരോ പ്ളാറ്റൂണുകള്‍, ജൂനിയര്‍ റെഡ്ക്രോസ് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ പ്ളാറ്റൂണുകള്‍, സ്റ്റുഡന്‍റ് പൊലീസ് കാഡറ്റിന്‍െറ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മൂന്നു വീതം പ്ളാറ്റൂണുകള്‍, കേന്ദ്രീയ വിദ്യാലയത്തിന്‍െറ ഒരു പ്ളാറ്റൂണ്‍, മലബാര്‍ സ്പെഷല്‍ പൊലീസ് ബാന്‍ഡ്, കോഴിക്കോട് ആംഗ്ളോ ഇന്ത്യന്‍ ഗേള്‍സ് ഹൈസ്കൂള്‍ ബാന്‍ഡ് എന്നിവയാണ് പരേഡില്‍ അണിനിരന്നത്. പരേഡിനുശേഷം, സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കോഴിക്കോട് പ്രസന്‍േറഷന്‍ സ്കൂളിന്‍െറ ദേശ ഭക്തിഗാനം, മെഡിക്കല്‍ കോളജ് റഹ്മാനിയ സ്കൂളിന്‍െറ ഒപ്പന, വട്ടപ്പാട്ട്, വെള്ളിമാട്കുന്ന് സില്‍വര്‍ഹില്‍സ് സ്കൂളിന്‍െറ പരിചമുട്ടുകളി, കോഴിക്കോട് സെന്‍റ് ജോസഫ് ബോയ്സ് സ്കൂളിന്‍െറ പഞ്ചവാദ്യം, കോഴിക്കോട് സെന്‍റ് ജോസഫ് ആംഗ്ളോ ഇന്ത്യന്‍ ഹൈസ്കൂളിലെ ദിയ പ്രദീപിന്‍െറ നാടോടിനൃത്തം, കോഴിക്കോട് പ്രൊവിഡന്‍സ് സ്കൂള്‍ വിദ്യാര്‍ഥി പി. ഗോപികയുടെ വയലിന്‍ എന്നിവ ചടങ്ങില്‍ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.