സ്വര്‍ണക്കപ്പ് ട്രഷറിയിലേക്ക് മാറ്റി; ടാഗോര്‍ ഹാളില്‍ സ്വീകരണം

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവ പട്ടം നേടിയ കോഴിക്കോട് ടീമംഗങ്ങള്‍ക്ക് സ്വീകരണം നല്‍കും. ജില്ല പഞ്ചായത്ത്, കോര്‍പറേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ടാഗോര്‍ ഹാളിലാണ് സ്വീകരണം. ഘോഷയാത്ര ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുള്ള ചടങ്ങിന് തീയതി നിശ്ചയിച്ചിട്ടില്ല. രണ്ടാഴ്ചക്കകം പരിപാടി നടക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. അതിനിടെ, സ്വര്‍ണക്കപ്പുമായി കോഴിക്കോട് ടീം കഴിഞ്ഞദിവസം രാത്രി എത്തി. സ്വര്‍ണക്കപ്പ് മാനാഞ്ചിറയിലെ അഡീഷനല്‍ സബ് ട്രഷറിയിലേക്ക് മാറ്റി. തുടര്‍ച്ചയായ 11ാം തവണയാണ് ജില്ലയുടെ നേട്ടം. സ്കൂള്‍ കലോത്സവ ചരിത്രത്തില്‍ 18ാം തവണയാണ് കിരീടം സ്വന്തമാക്കുന്നത്. 1100ഓളം പേരാണ് ജില്ലയെ പ്രതിനിധാനം ചെയ്ത് കണ്ണൂരില്‍ മത്സരിച്ചത്. ഇതില്‍ 638 പേരാണ് ജില്ല കലോത്സവത്തില്‍നിന്ന് മത്സരിച്ച് യോഗ്യത നേടിയത്. ശേഷിക്കുന്നവരെല്ലാം അപ്പീല്‍ വഴിയാണ് മേളയില്‍ പങ്കെടുത്തത്. ഡി.ഡി.ഇ ഓഫിസ് വഴി 61 പേര്‍ക്കാണ് അപ്പീല്‍ അനുവദിച്ചത്. ബാലാവകാശ കമീഷന്‍ മുതല്‍ ഹൈകോടതി വരെയുള്ള സംവിധാനങ്ങളിലൂടെ അപ്പീല്‍ വഴി വന്നവരാണ് മറ്റുള്ളവര്‍. സിറ്റി, ചേവായൂര്‍ ഉപജില്ലകളാണ് കോഴിക്കോട് ടീമിന്‍െറ ശക്തര്‍. സില്‍വര്‍ഹില്‍സ് എച്ച്.എസ്.എസ് 75 പോയന്‍റുമായി ഹൈസ്കൂള്‍ വിഭാഗത്തില്‍ സംസ്ഥാനതലത്ത് മൂന്നാമതും എച്ച്.എസ്.എസില്‍ 81 പോയന്‍റുമായി എട്ടാം സ്ഥാനത്തുമാണ്. പ്രസന്‍േറഷന്‍ സ്കൂള്‍ ചേവായൂര്‍, സെന്‍റ് ജോസഫ്സ് ആംഗ്ളോ ഇന്ത്യന്‍ സ്കൂള്‍, സെന്‍റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്.എസ്, പ്രോവിഡന്‍സ് സ്കൂള്‍, കാപ്പാട് ഇലാഹിയ എച്ച്.എസ്.എസ്, കൊയിലാണ്ടി ജി.ബി.എച്ച്.എസ്.എസ്, നടക്കാവ് ഗേള്‍സ് സ്കൂള്‍, തിരുവങ്ങൂര്‍ എച്ച്.എസ്.എസ്, മേമുണ്ട എച്ച്.എസ്.എസ്, സെന്‍റ് ജോസഫ്സ് ബോയ്സ്, നൊച്ചാട് എച്ച്.എസ്.എസ്, മര്‍കസ് എച്ച്.എസ്.എസ്, വടകര ശ്രീനാരായണ എച്ച്.എസ്.എസ് തുടങ്ങി സ്കൂളുകളാണ് ജില്ലയുടെ നേട്ടത്തിനു പിന്നില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.