കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ തീപാറും പോരാട്ടം

തേഞ്ഞിപ്പലം: ജനുവരി 28നുള്ള കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ തീപാറും പോരാട്ടം. മൂന്നുവര്‍ഷം മുമ്പ് കൈവിട്ടുപോയ യൂനിയന്‍ ഭരണം തിരിച്ചുപിടിക്കുക ലക്ഷ്യമിട്ടാണ് എസ്.എഫ്.ഐ പ്രചാരണം. ഭരണംനിലനിര്‍ത്താന്‍ കെ.എസ്.യു-എം.എസ്.എഫ് സഖ്യവും സജീവം. 28ന് രാവിലെ ഒമ്പതര മുതല്‍ ഒരു മണിവരെ സെനറ്റ് ഹൗസിലാണ് തെരഞ്ഞെടുപ്പ്. രണ്ടിന് വോട്ടെണ്ണും. 10 സീറ്റുകളിലേക്ക് 28 പേരാണ് മത്സര രംഗത്ത്. സര്‍വകലാശാലക്കു കീഴിലെ കോളജുകളിലെ 384 യു.യു.സിമാരാണ് വോട്ടര്‍മാര്‍. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ യു.യു.സിമാര്‍- 119 പേര്‍. ഒറ്റ യു.യു.സിയുള്ള ലക്ഷദ്വീപ് കടമത്ത് സെന്‍ററുമുണ്ട്. കോഴിക്കോട് 107, തൃശൂര്‍ 74, പാലക്കാട് 65, വയനാട് 18 എന്നിങ്ങനെയാണ് മറ്റ് ജില്ലയിലെ യു.യു.സിമാരുടെ എണ്ണം. ഏറെ സവിശേഷതകളുള്ള യൂനിയന്‍ തെരഞ്ഞെടുപ്പാണിത്. കഴിഞ്ഞവര്‍ഷത്തെ യു.യു.സിമാരെ അയോഗ്യരാക്കിയാണ് 28ന് തെരഞ്ഞെടുപ്പ് നടത്തുന്നത്. സര്‍വകലാശാലാ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സ്ഥിതി. കഴിഞ്ഞവര്‍ഷത്തെ യു.യു.സിമാരെ അയോഗ്യരാക്കിയതിനെതിരെ എം.എസ്.എഫ്-കെ.എസ്.യു പ്രവര്‍ത്തകര്‍ ഒട്ടേറെ സമരം നടത്തിയിരുന്നു. ചിലര്‍ കോടതിയെയും സമീപിച്ചിട്ടുണ്ട്. ജൂണ്‍ അവസാന വാരം നടക്കേണ്ട തെരഞ്ഞെടുപ്പാണ് ജനുവരിയില്‍ നടക്കുന്നതെന്ന സവിശേഷതയുമുണ്ട്. എസ്.എഫ്.ഐയും കെ.എസ്.യു- എം.എസ്.എഫ് മുന്നണിയും തമ്മിലാണ് പ്രധാന മത്സരം. നിലവില്‍ ഇരുപക്ഷത്തിനും മേധാവിത്വമില്ളെന്നാണ് സൂചന. അതിനാല്‍, യു.യു.സിമാരെ സ്വാധീനിക്കാന്‍ കിണഞ്ഞുശ്രമിക്കുകയാണ് നേതാക്കള്‍. ജനറല്‍ സീറ്റുകളിലേക്ക് എസ്.ഐ.ഒയും മത്സര രംഗത്തുണ്ട്. യൂനിവേഴ്സിറ്റി യൂനിയന്‍ കുത്തകയാക്കിയിരുന്ന എസ്.എഫ്.ഐക്ക് മൂന്നുവര്‍ഷം മുമ്പാണ് ഭരണം നഷ്ടപ്പെട്ടത്. അരക്കോടിയാണ് യൂനിയന്‍െറ വാര്‍ഷിക പ്രവര്‍ത്തന ഫണ്ട്. സോണല്‍-ഇന്‍റര്‍സോണ്‍ കലോത്സവ നടത്തിപ്പാണ് യൂനിയന്‍െറ പ്രധാന ചുമതല. പുതിയ ഭരണസമിതി നിലവില്‍ വന്നശേഷമേ ഈ വര്‍ഷത്തെ സോണല്‍-ഇന്‍റര്‍സോണ്‍ മത്സരങ്ങള്‍ നടത്താനാവൂ. അടുത്തമാസം മധ്യത്തോടെ മേളകള്‍ നടത്തിയില്ളെങ്കില്‍ പരീക്ഷക്കുശേഷമേ മേളകള്‍ നടത്താന്‍ കഴിയൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.