കരിപ്പൂര്‍ വിമാനത്താവളം സംയുക്ത പ്രക്ഷോഭം വേണം – എം.ജി.എസ്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം പൊതുസ്വത്താണെന്നും അതിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പൊതുജനപിന്തുണയോടെ സംയുക്ത പ്രക്ഷോഭം ആരംഭിക്കണമെന്നും എം.ജി.എസ്. നാരായണന്‍. കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണനക്കെതിരെ മലബാര്‍ ഡെവലപ്മെന്‍റ് ഫോറത്തിന്‍െറ ആഭിമുഖ്യത്തില്‍ നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം നാട്ടില്‍ വിമാനത്താവളമുണ്ടായിട്ട് കോഴിക്കോട്ടും പരിസരങ്ങളിലുമുള്ള ഹാജിമാര്‍ എറണാകുളത്ത് പോകേണ്ട സ്ഥിതിയാണ്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം മലബാറിന് ലഭിച്ച സ്വത്താണ് കരിപ്പൂര്‍ വിമാനത്താവളം. റണ്‍വേയും മറ്റു സൗകര്യങ്ങളും മെച്ചപ്പെടുത്തിയിട്ടും കരിപ്പൂര്‍ വലിയ വിമാനങ്ങള്‍ക്ക് യോഗ്യമല്ല എന്നുപറയുന്നത് ശരിയല്ളെന്നും അദ്ദേഹം പറഞ്ഞു. എം.ഡി.എഫ് പ്രസിഡന്‍റ് കെ.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. സംയുക്ത ആക്ഷന്‍ കമ്മിറ്റി രൂപവത്കരിക്കുന്നതിനായി വിശാലമായ യോഗം വിളിക്കുമെന്നും നിയമപോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഹസ്സന്‍ തിക്കോടി, കെ. സൈഫുദ്ദീന്‍, ഡോ. കെ. മൊയ്തു, ശൈഖ് മുഹമ്മദ് കാരകുന്ന്, വി. കുഞ്ഞാലി, നവാസ് പൂനൂര്‍, റസാഖ് പാലേരി, എന്‍. അലി അബ്ദുല്ല, ഇ.കെ. അബ്ദുല്ല, അബ്ദുല്‍ മജീദ്, പി.കെ. കബീര്‍ സലാല, മുസ്തഫ മാട്ടുങ്ങല്‍, ഷരീഫ് മണിയാട്ടുകുടി, ജോസഫ് മാത്യു, നാസര്‍ ഫൈസി കൂടത്തായി, അമ്മാര്‍ കിഴുപറമ്പ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.