ഷവര്‍മ നിര്‍മാണ, വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന തുടങ്ങി

കോഴിക്കോട്: നഗരത്തിലെ ഷവര്‍മ നിര്‍മാണ, വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതര്‍ പരിശോധന തുടങ്ങി. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലാണ് പരിശോധന തുടങ്ങിയത്. കാരപ്പറമ്പ്, സിവില്‍സ്റ്റേഷന്‍, വെള്ളിമാട്കുന്ന്, കോഴിക്കോട് ബീച്ച്, ബേപ്പൂര്‍, മീഞ്ചന്ത, നടുവട്ടം ഭാഗങ്ങളിലെ പരിശോധന ഇതിനകം പൂര്‍ത്തിയായി. മറ്റിടങ്ങളിലെ പരിശോധന അടുത്ത ദിവസങ്ങളിലായി നടക്കുമെന്ന് ഭക്ഷ്യസുരക്ഷ ഓഫിസര്‍ സുജയന്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷ വകുപ്പിന്‍െറ ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍നിന്നുമാത്രം മാംസം വാങ്ങണം, ഇതിന്‍െറ ബില്ലുകള്‍ ഉദ്യോഗസ്ഥര്‍ സ്ഥാപനത്തിലത്തെി പരിശോധന നടത്തുമ്പോള്‍ കാണിക്കണം, വൃത്തിയുള്ള ഫ്രീസറില്‍ 18 ഡിഗ്രി താപനിലയില്‍ മാംസം സൂക്ഷിക്കണം, ഷവര്‍മയുണ്ടാക്കുന്ന സ്ഥലം ചില്ല് കൂടിനുള്ളിലാക്കണം, ഇവിടേക്ക് ഈച്ചയോ പൊടിയോ എത്തരുത്, ഭക്ഷണമുണ്ടാക്കാനുപയോഗിക്കുന്ന വെള്ളം സര്‍ക്കാര്‍ ലബോറട്ടറിയില്‍നിന്നും ആറുമാസത്തിലൊരിക്കല്‍ പരിശോധിക്കണം, മാംസം ശുദ്ധവെള്ളത്തില്‍മാത്രം കഴുകണം, ഇതുമായി ബന്ധപ്പെട്ട പാത്രങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകണം, കേടുവരാത്ത ഉള്ളിയും കാബേജുകളും മാത്രമേ ഉപയോഗിക്കാവൂ തുടങ്ങിയ നിര്‍ദേശങ്ങള്‍ ഷവര്‍മ വിപണന സ്ഥാപനങ്ങള്‍ക്ക് നേരത്തെ ഭക്ഷ്യസുരക്ഷ വകുപ്പ് നല്‍കിയിരുന്നു. ഇക്കാര്യങ്ങളാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളിലത്തെി പരിശോധിക്കുന്നത്. ചില സ്ഥാപനങ്ങളില്‍ നിര്‍മാണ യൂനിറ്റിന് ചില്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നേ ഉള്ളൂ. റോഡിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍വെച്ച് ഭക്ഷണം പാകം ചെയ്യുന്നത് ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഷവര്‍മ നിര്‍മാണ കേന്ദ്രങ്ങളില്‍ വേണ്ടത്ര വൃത്തിയും വെടിപ്പുമില്ളെന്ന് പരാതി ഉയരുകയും വിവിധ സമയങ്ങളിലായി നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയും ചെയ്തതോടെ ഇത്തരം സ്ഥാപനങ്ങക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പിന്നാലെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം 2006 പ്രകാരം പിന്നീട് ഫുഡ് സേഫ്റ്റി അസിസ്റ്റന്‍റ് കമീഷണറുടെ അനുമതിയില്ലാത്ത സ്ഥാപനങ്ങള്‍ പൂട്ടാനും നിര്‍ദേശിച്ചു. ഇതോടെ നഗരത്തിലെ നൂറോളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തനാനുമതി തേടി അധികൃതര്‍ക്ക് ആപേക്ഷ നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.