ചുരത്തില്‍ കുഴഞ്ഞുവീണ ബൈക്ക് യാത്രികന് സംരക്ഷണ സമിതി രക്ഷകരായി

താമരശ്ശേരി: 10 വയസ്സുകാരി മകളുമായി വയനാട്ടില്‍നിന്ന് വരുകയായിരുന്ന ബൈക്ക് യാത്രികന്‍ ചുരത്തില്‍ ബോധരഹിതനായി കുഴഞ്ഞുവീണു. വിവരമറിഞ്ഞത്തെിയ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ രക്ഷകരായി. വയനാട്ടില്‍ ബന്ധുവീട്ടില്‍ പോയി തിരിച്ചുവരുകയായിരുന്ന നരിക്കുനി കൈപ്പുരത്തുചാലില്‍ അബ്ദുല്‍ റഷീദ് മുസ്ലിയാര്‍ (55) ആണ് ബോധം നഷ്ടപ്പെട്ട് ബൈക്കില്‍നിന്ന് വീണത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ ചുരത്തില്‍ ആറാം വളവിനും ഏഴാം വളവിനുമിടയിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന 10 വയസ്സുകാരി മകള്‍ നിസ്സഹായയായി കരഞ്ഞ് നില്‍ക്കുമ്പോള്‍ നിരവധി വാഹനങ്ങള്‍ കടന്നുപോയെങ്കിലും ആരും സഹായത്തിനത്തെിയില്ല. മില്‍മയുടെ വയനാട്ടില്‍നിന്നു വരുകയായിരുന്ന ലോറി ഡ്രൈവറാണ് യൂനിഫോം ധരിച്ചിരുന്ന ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരെ വിവരമറിയിച്ചത്. ഇവര്‍ സ്ഥലത്തത്തെിയപ്പോള്‍ രക്തം വാര്‍ന്ന് ബോധരഹിതനായി കിടക്കുന്ന റഷീദ് മുസ്ലിയാരെയും സമീപത്ത് ഭയന്ന് കരഞ്ഞു നില്‍ക്കുന്ന മകളെയുമാണ് കണ്ടത്. അതുവഴി വന്ന ഓട്ടോറിക്ഷയില്‍ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ച് പ്രഥമ ശുശ്രുഷ നല്‍കിയ ശേഷം ഓമശ്ശേരി ശാന്തി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രക്തസമ്മര്‍ദം മൂലമാണ് ബോധരഹിതനായി കുഴഞ്ഞുവീണതെന്ന് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. ബന്ധുക്കളത്തെിയ ശേഷമാണ് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരായ എം.പി. സലീം, എന്‍.പി. ഷമീര്‍, സാഹിദ് കുട്ടന്‍പൊയില്‍, എ.യു. ഷബീര്‍ എന്നിവര്‍ മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.