ചരിത്ര നേട്ടമായി 110 ജി.ഐ.എസ് സബ്സ്റ്റേഷന്‍

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ 110 കെ.വി ജി.ഐ.എസ് സബ്സ്റ്റേഷന്‍ യാഥാര്‍ഥ്യമായത് ജില്ലക്ക് ചരിത്ര നേട്ടമായി. പലതവണ നഷ്ടപ്പെടുമെന്ന് കരുതിയ പദ്ധതിയാണ് ചൊവ്വാഴ്ച വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തത്. കോഴിക്കോട് നഗരത്തില്‍ ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വെസ്റ്റ്ഹില്‍ 110 കെ.വി. സബ്സ്റ്റേഷനില്‍നിന്ന് ഏഴ് കി.മീ. ദൂരെ സ്ഥാപിച്ച 110 കെ.വി ഭൂഗര്‍ഭ കേബിള്‍ വഴിയാണ് സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുക. 20 മെഗാവാട്ട് ആമ്പിയര്‍ ശേഷിയുള്ള രണ്ട് 110 കെ.വി ട്രാന്‍സ്ഫോര്‍മറുകളാണ് ഇവിടെ സ്ഥാപിച്ചത്. മൊത്തം 38.4 കോടി ചെലവ് പ്രതീക്ഷിച്ച പദ്ധതി 34.2 കോടിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. സാധാരണ സബ്സ്റ്റേഷനുകള്‍ക്ക് ഏക്കറുകള്‍ വേണ്ടിടത്ത് ഇവിടെ 30 സെന്‍റ് മാത്രമാണ് ഭൂമി ഉപയോഗിച്ചത്. നടക്കാവ്, സെന്‍ട്രല്‍, ബീച്ച്, വെസ്റ്റ്ഹില്‍ എന്നീ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുളളവര്‍ക്ക് പൂര്‍ണമായും കല്ലായ്, എരഞ്ഞിക്കല്‍, പൊറ്റമ്മല്‍, മാങ്കാവ് സെക്ഷന്‍ പരിധിയിലുളളവര്‍ക്ക് ഭാഗികമായും സബ്സ്റ്റേഷന്‍െറ പ്രവര്‍ത്തനം പ്രയോജനപ്പെടും. ഭാവിയില്‍ ഈ സബ്സ്റ്റേഷനെ പ്രവൃത്തി തുടങ്ങാനിരിക്കുന്ന 110 കെ.വി കളിപ്പൊയ്ക സബ്സ്റ്റേഷന്‍ വഴി 110 കെ.വി ചേവായൂര്‍ സബ്സ്റ്റേഷനുമായി ബന്ധിപ്പിക്കും. ഇതോടെ ചേവായൂര്‍-കളിപ്പൊയ്ക- ഗാന്ധിറോഡ്- വെസ്റ്റ്ഹില്‍- ചേവായൂര്‍ 110 കെ.വി ഫീഡര്‍ റിങ് നഗരത്തിലെ പ്രസരണ ശൃംഖലയെ കരുത്തുറ്റതാക്കും. നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ നടക്കാവ്, വെസ്റ്റ്ഹില്‍, കാരപ്പറമ്പ്, വെള്ളിമാടുകുന്ന്, കോവൂര്‍, പൊറ്റമ്മല്‍ സെക്ഷന്‍ ഓഫിസുകളിലായി 150 ഉപഭോക്താക്കളാണ് സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇത്രയും പേര്‍ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ ആവശ്യമായ 17,47,820 രൂപയില്‍ 7,79,940 രൂപ എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ ഫണ്ടില്‍നിന്നാണ് അനുവദിച്ചത്. 103 ബി.പി.എല്‍ കുടുംബങ്ങളും ഏഴ് അങ്കണവാടികളും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിച്ച എല്ലാവര്‍ക്കും വൈദ്യുതി കണക്ഷന്‍ ലഭിച്ചു. വയറിങ് സ്വന്തമായി ചെയ്യാന്‍ സാമ്പത്തിക ശേഷി ഇല്ലാതിരുന്ന ആറ് കുടുംബങ്ങള്‍ക്ക് കെ.എസ്.ഇ.ബി ജീവനക്കാര്‍, സര്‍വിസ് സംഘടനകള്‍, കെ.എസ്.ഇ.ബി റിക്രിയേഷന്‍ ക്ളബ് തുടങ്ങിയവരുടെ സഹായത്തോടെയാണ് വയറിങ് പൂര്‍ത്തീകരിച്ചു നല്‍കിയത്. പ്രഖ്യാപന ചടങ്ങ് വൈദ്യുതി മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്തു. സബ്സ്റ്റേഷന്‍ സ്ഥാപിച്ചത് കടല്‍ പ്രദേശത്തായതിനാല്‍ ഉപ്പുകാറ്റേറ്റ് നശിക്കാതിരിക്കാന്‍ കര്‍ശന ജാഗ്രത വേണമെന്ന് അധ്യക്ഷത വഹിച്ച എ. പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു. ഡിസ്ട്രിബ്യൂഷന്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ (നോര്‍ത്ത്) പി.കുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. കൗണ്‍സിലര്‍ സൗഫിയ അനീഷ്, എ.ഡി.എം ടി.ജിനില്‍കുമാര്‍, കെ.ദാമോദരന്‍, ജോര്‍ജ് മേച്ചേരി, പി.വി. മാധവന്‍, ബേബിവാസന്‍, പി.ടി. ആസാദ്, സി.പി. ഹമീദ്, കെ.സേതുമാധവന്‍, സി.വി. ഇക്ബാല്‍ എന്നിവര്‍ സംസാരിച്ചു. എന്‍.വേണുഗോപാല്‍ സ്വാഗതവും ജെയിംസ് എം. ഡേവിഡ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.