കോഴിക്കോട് സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ വെളിയിട വിസര്‍ജനമുക്ത ജില്ല

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ വെളിയിട വിസര്‍ജനമുക്ത (ഒ.ഡി.എഫ്) ജില്ലയായി കോഴിക്കോട്. ഗ്രാമപഞ്ചായത്തുകള്‍ക്ക് പിന്നാലെ നഗരസഭകളും ലക്ഷ്യം നേടിയതോടെയാണിത്. നഗരമേഖലയില്‍ കോഴിക്കോട് സമ്പൂര്‍ണ ഒ.ഡി.എഫ് ആയതിന്‍െറ പ്രഖ്യാപനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എക്സൈസ്-തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. പദ്ധതിയിലൂടെ ജില്ലയിലെ എല്ലാ വീടുകളിലും ശുചിമുറി ഉറപ്പാക്കിയത് സാമൂഹിക ജീവിതത്തില്‍ മാറ്റം വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുഖ്യപരിഗണന ശുചിത്വത്തിനാവണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഗ്രാമീണമേഖലയില്‍ കോഴിക്കോട് ഒ.ഡി.എഫ് ജില്ലയായതിന്‍െറ പ്രഖ്യാപനം കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് നടത്തിയിരുന്നു. കോഴിക്കോട് കോര്‍പറേഷന്‍ -1503, കൊയിലാണ്ടി നഗരസഭ -414, വടകര -235, പയ്യോളി -216, മുക്കം -203, രാമനാട്ടുകര -100, കൊടുവള്ളി -99, ഫറോക്ക് -85 എന്നിങ്ങനെ ആകെ 2855 ശുചിമുറികള്‍ നിര്‍മിച്ചു നല്‍കിയാണ് നഗരമേഖലയില്‍ ലക്ഷ്യം നേടിയത്. ഗ്രാമീണ മേഖലയില്‍ 12,799 കുടുംബങ്ങള്‍ക്കടക്കം 15,654 കുടുംബങ്ങള്‍ക്കാണ് ജില്ലയില്‍ ആകെ ശുചിമുറി നിര്‍മിച്ചു നല്‍കിയത്. 2015ല്‍ നടത്തിയ ബേസ് ലൈന്‍ സര്‍വേ പ്രകാരം കണ്ടത്തെിയ ശുചിമുറിയില്ലാത്ത കുടുംബങ്ങള്‍ക്കാണ് ശുചിമുറി നിര്‍മിച്ചുനല്‍കിയത്. ഒരു കുടുംബത്തിന് 15,400 രൂപയാണ് ധനസഹായം. ഗ്രാമീണമേഖലയില്‍ 12,000 രൂപ കേന്ദ്ര സര്‍ക്കാറിന്‍െറ സ്വച്ഛ് ഭാരത് അഭിയാനില്‍നിന്ന് 3400 രൂപ പഞ്ചായത്ത് വിഹിതമായും നല്‍കി. നഗരമേഖലയില്‍ 10,063 രൂപ നഗരസഭ വിഹിതവും 5337 രൂപ കേന്ദ്ര-സംസ്ഥാന വിഹിതവുമാണ്. കോര്‍പറേഷനിലെ ഒ.ഡി.എഫ് പദ്ധതി നടത്തിപ്പ് കേന്ദ്രസംഘം പരിശോധിച്ച് സട്ടിഫിക്കറ്റ് നല്‍കിയതായി അധ്യക്ഷത വഹിച്ച മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അറിയിച്ചു. എം.എല്‍.എമാരായ കെ. ദാസന്‍, ഇ.കെ. വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി, ജില്ല കലക്ടര്‍ എന്‍. പ്രശാന്ത് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.