ചെയര്‍പേഴ്സനെ എല്‍.ഡി.എഫ് അംഗം അസഭ്യം പറഞ്ഞെന്ന് യു.ഡി.എഫ് കൊടുവള്ളി: കൊടുവള്ളി നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും. വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തനത് ഫണ്ട് വിനിയോഗിച്ച് നടത്തിയ പ്രവൃത്തികള്‍ക്ക് പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് അംഗങ്ങള്‍ തമ്മില്‍ ബഹളമുണ്ടായത്. പദ്ധതി ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍ക്ക് ഫണ്ടുകള്‍ അനുവദിച്ച് നല്‍കാമെന്നിരിക്കെ ചില കരാറുകാര്‍ക്ക് പണം നല്‍കുന്നതിന് ചെയര്‍പേഴ്സനും വൈസ് ചെയര്‍മാനും ഒപ്പിട്ട് കത്ത് നല്‍കിയെന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ ആരോപണം ഉന്നയിച്ചതോടെ ഇതിനെ എതിര്‍ത്ത് യു.ഡി.എഫ് അംഗങ്ങള്‍ രംഗത്തുവന്നു. ഇതോടെ യോഗം ബഹളത്തില്‍ മുങ്ങി. ഇതിനു പിന്നില്‍ അഴിമതിയുണ്ടെന്നും അംഗങ്ങള്‍ ആരോപിച്ചു. തുടര്‍ന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. തിരിച്ചുവന്ന അംഗങ്ങള്‍ വീണ്ടും ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ചെയര്‍പേഴ്സനെ എല്‍.ഡി.എഫ് അംഗം അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങള്‍ രംഗത്തുവന്നതോടെയാണ് വാക്കേറ്റമുണ്ടായത്. വിവാദപരാമര്‍ശം നടത്തിയ സി.പി. നാസര്‍കോയ തങ്ങളെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങള്‍ നഗരസഭ സെക്രട്ടറിക്ക് കത്തുനല്‍കി. ഇതിനിടെ സ്ഥിരംസമിതി അധ്യക്ഷനായ കെ. ശിവദാസന്‍ അംഗങ്ങളെ അസഭ്യം പറഞ്ഞതായി ആരോപിച്ച് എല്‍.ഡി.എഫ് അംഗങ്ങള്‍ രംഗത്തുവരികയും നടപടി ആവശ്യപ്പെട്ട് സെക്രട്ടറിക്ക് കത്തുനല്‍കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.