കിണര്‍ നിര്‍മിക്കാന്‍ പഞ്ചായത്ത് അനുമതിവേണം

കാസര്‍കോട്: പഞ്ചായത്ത് കെട്ടിടനിര്‍മാണ ചട്ടപ്രകാരം തുറന്ന കിണര്‍, കുഴല്‍ക്കിണര്‍, ഹാന്‍ഡ്പമ്പ് കിണര്‍ എന്നിവ സ്ഥാപിക്കാന്‍ പഞ്ചായത്തിന്‍െറ അനുമതി നിര്‍ബന്ധമാക്കണമെന്ന് ജില്ലതല അവലോകനസമിതി യോഗം തീരുമാനിച്ചു. ജില്ല കലക്ടര്‍ കെ. ജീവന്‍ബാബു അധ്യക്ഷത വഹിച്ചു. 2002ലെ കേരള ഭൂജല നിയമപ്രകാരം ചെങ്കള, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍, ചെമ്മനാട്, ബേഡഡുക്ക, കുറ്റിക്കോല്‍, ദേലംപാടി, കാറഡുക്ക, മുളിയാര്‍ എന്നീ പഞ്ചായത്തുകളും കാസര്‍കോട് നഗരസഭയും വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശങ്ങളാണ്. ഇവിടങ്ങളില്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്നതിന് ഭൂജല അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അനുമതിയില്ലാതെ കുഴല്‍ക്കിണര്‍ കുഴിക്കുന്നവര്‍ക്കെതിരെ ഭൂജല വകുപ്പ്, പൊലീസ്, പഞ്ചായത്ത് എന്നീ വകുപ്പുകള്‍ നടപടി സ്വീകരിക്കും. പെര്‍മിറ്റില്ലാതെ കുഴല്‍ക്കിണര്‍ കുഴിക്കുന്ന ഏജന്‍സികളുടെ റിഗ്ഗ് പിടിച്ചെടുക്കും. രാത്രി 10നുശേഷം കുഴല്‍ക്കിണര്‍ നിര്‍മാണം അനുവദിക്കില്ല. പുതുതായി കുഴിക്കുന്നവര്‍ കൃത്രിമ വാട്ടര്‍ റീചാര്‍ജിങ് നിര്‍മിതികള്‍ സ്ഥാപിക്കണം. പുഴയില്‍നിന്നും കുടിവെള്ളത്തിനുവേണ്ടി തടയണ കെട്ടിയ സ്ഥലങ്ങളില്‍നിന്ന് അനധികൃതമായി കൃഷി ആവശ്യത്തിന് വെള്ളം ഉപയോഗിക്കുന്നവരുടെ പമ്പ്സെറ്റ് കണ്ടുകെട്ടും. കൃഷി ആവശ്യത്തിന് അനുവദിച്ച വൈദ്യുതി കണക്ഷനുകള്‍ അസ്വാഭാവികമായി ഉപയോഗിക്കുന്നവര്‍ക്കെതിരെ കൃഷിവകുപ്പ് നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.