അപകടമൊരുക്കി കാസര്‍കോട് നഗരസഭയിലെ റോഡുകള്‍ ഈ ചതിക്കുഴികള്‍ അടയ്ക്കാന്‍ ആര് വരും?

കാസര്‍കോട്: വഴിയാത്രക്കാര്‍ പലതവണ അപകടത്തില്‍പെട്ടിട്ടും നഗരത്തിലെ നടപ്പാതകളിലെ ചതിക്കുഴികള്‍ അടക്കാന്‍ നഗരസഭാധികൃതരോ പൊതുമരാമത്ത് വകുപ്പോ തയാറാകാത്തത് ആശങ്കയുയര്‍ത്തുന്നു. നഗര പാതയോരങ്ങളിലെ ഓവുചാലുകള്‍ക്ക് മുകളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച സ്ളാബുകള്‍ പൊട്ടിയും ഇളകിയുമാണ് ചതിക്കുഴികള്‍ രൂപപ്പെട്ടത്. എം.ജി റോഡില്‍ പഴയ ബസ്സ്റ്റാന്‍ഡ് മുതല്‍ പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ ദേശീയപാത ജങ്ഷന്‍ വരെ റോഡിന്‍െറ ഇരു വശങ്ങളിലും സ്ഥാപിച്ച സ്ളാബുകള്‍ പലയിടത്തും ഇളകിയും പൊട്ടിത്തകര്‍ന്നും വിടവുകള്‍ ഉണ്ടായിട്ടുണ്ട്. തിരക്കിട്ട് നടന്നു പോകുന്നവര്‍ ഇത് ശ്രദ്ധയില്‍പെടാതെ അപകടത്തില്‍പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ജനറല്‍ ആശുപത്രിക്ക് സമീപത്തെ റോഡരികിലുള്ള നടപ്പാതയിലെ കുഴിയില്‍ വീട്ടമ്മയുടെ കാല്‍ കുടുങ്ങിയത് ആഴ്ചകള്‍ക്കു മുമ്പാണ്. ഫയര്‍ഫോഴ്സ് എത്തി സ്ളാബ് ഇളക്കിമാറ്റിയാണ് ഇവരെ രക്ഷിച്ചത്. മാസങ്ങള്‍ക്കു മുമ്പ് മധ്യവയസ്കനും ഈഭാഗത്തെ സ്ളാബിനിടയില്‍ കാല്‍ കുടുങ്ങി വീണിരുന്നു. ഫയര്‍ഫോഴ്സ് ഗ്യാസ്കട്ടര്‍ ഉപയോഗിച്ച് സ്ളാബ് മുറിച്ച് വേര്‍പെടുത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടും പരിഹാരനടപടികള്‍ക്കുള്ള ശ്രമങ്ങള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. കാല്‍നൂറ്റാണ്ടോളം പഴക്കമുള്ളവയാണ് നഗരത്തിലെ ഓവുചാലുകള്‍ മൂടാനുപയോഗിച്ച കോണ്‍ക്രീറ്റ് സ്ളാബുകള്‍. എന്നാല്‍, അടുത്തകാലത്തൊന്നും ഇവ മാറ്റിസ്ഥാപിക്കുകയോ പുതുക്കുകയോ ചെയ്തിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.