ശുചീകരണത്തിന് നടപടിയില്ല; തടയണകള്‍ മാലിന്യക്കുളങ്ങളായി

കോഴിക്കോട്: ശുചീകരണത്തിന് നടപടിയില്ലാത്തതിനാല്‍ ജില്ലയിലെ പുഴകളില്‍ നിര്‍മിച്ച തടയണകള്‍ മാലിന്യക്കുളങ്ങളായി മാറുന്നു. സ്ഥിരം ബണ്ടുകള്‍ക്ക് പുറമെ, ജനകീയമായി നിര്‍മിച്ച നിരവധി താല്‍ക്കാലിക തടയണകള്‍കൂടിയാവുന്നതോടെ ജില്ലയിലെ പുഴകള്‍ ഒഴുക്കുനിലച്ച നിലയിലാണ്. ഇത്തരം സ്ഥലങ്ങളില്‍ മാലിന്യനിക്ഷേപം കൂടിയാവുന്നതോടെ വെള്ളം മലിനമായി രോഗങ്ങള്‍ക്ക് കാരണമാവുകയാണ്. കുറ്റ്യാടിപ്പുഴ, ഇരുവഞ്ഞിപ്പുഴ, ഇരുതുള്ളിപ്പുഴ, കടലുണ്ടിപ്പുഴ, പൂനൂര്‍പുഴ എന്നിവയിലെ വെള്ളം കുടിവെള്ള വിതരണത്തിനുകൂടി ഉപയോഗിക്കുന്നുണ്ട്. ഓരോ പുഴയിലും ചുരുങ്ങിയത് 30ഓളം കുടിവെള്ള പദ്ധതികളുണ്ട്. കുടിവെള്ളക്ഷാമത്തിന്‍െറ സൂചനകള്‍ കണ്ടതോടെ 2012 മുതല്‍ മിക്ക പുഴകളിലും സ്ഥിരം തടയണകളും ചെക്ക്ഡാമുകളും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പൂനൂര്‍ പുഴയില്‍മാത്രം 15 സ്ഥിരം തടയണകളുണ്ട്. പമ്പ്ഹൗസുകളിലെ കിണറുകളിലേക്ക് വെള്ളം കുറഞ്ഞതോടെയാണ് ചെക്ക്ഡാമുകള്‍ നിര്‍മിച്ച് വെള്ളം സംഭരിച്ചത്. ഇത് മാതൃകയാക്കി പുഴകളില്‍ ജനകീയ തടയണകളും വ്യാപകമായിരിക്കുകയാണ്. ഓരോ പുഴയിലും നൂറോളം താല്‍ക്കാലിക തടയണകളാണ് നിര്‍മിച്ചത്. സ്ഥിരം തടയണകള്‍ പലതും ചീര്‍പ്പില്ലാത്ത രീതിയിലാണ് നിര്‍മിച്ചത്. താല്‍ക്കാലിക തടയണകളും ഇതേ മാതൃകയിലാണ്. ഇതോടെ മഴക്കാലത്തും അല്ലാത്തപ്പോഴും മാലിന്യമടിഞ്ഞ് പല സ്ഥിരം തടയണകളും ഉപയോഗശൂന്യമായി. പൂനൂര്‍ പുഴയില്‍ കൊടുവള്ളിയില്‍ നിര്‍മിച്ച തടയണയില്‍ ചളിയും മാലിന്യവും നിറഞ്ഞ് വറ്റി വരണ്ട നിലയിലാണ്. വെണ്ണക്കാട് ഭാഗത്തും സമാനമാണ് അവസ്ഥ. അശാസ്ത്രീയ നിര്‍മാണം കാരണം പലയിടത്തും സ്ഥിരം തടയണയില്‍ വെള്ളംകിട്ടാത്ത അവസ്ഥയുണ്ട്. പാലങ്ങള്‍ക്ക് സമീപമാണ് മിക്കയിടത്തും പമ്പ് ഹൗസുകള്‍ സ്ഥാപിക്കപ്പെട്ടത്. ഏറ്റവുംകൂടുതല്‍ മാലിന്യനിക്ഷേപം നടക്കുന്നതും പാലങ്ങള്‍ വഴിയാണ്. ഇതിനുപുറമെയാണ് തടയണകള്‍ക്കുവേണ്ടി പുഴകളില്‍ നിക്ഷേപിച്ച പ്ളാസ്റ്റിക്കും എംസാന്‍ഡും മണ്ണും അടക്കമുള്ള മാലിന്യങ്ങളും. ആവശ്യമായ പഠനം നടത്താതെയാണ് മിക്കയിടത്തും താല്‍ക്കാലിക തടയണകള്‍ നിര്‍മിച്ചതെന്ന് സി.ഡബ്ള്യൂ.ആര്‍.ഡി.എം അടക്കമുള്ള കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നു. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയാന്‍ കര്‍ശന നടപടിയില്ലാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. ചിലയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പുഴസംരക്ഷണ സമിതികള്‍മാത്രമാണ് എതിര്‍ ശബ്ദം ഉയര്‍ത്തുന്നത്. പുഴ അതോറിറ്റികള്‍ സ്ഥാപിക്കുകയും ഓരോ സ്ഥലത്തും തദ്ദേശസ്ഥാപന പ്രതിനിധികള്‍ അംഗങ്ങളായ സമിതികള്‍ വരണമെന്നും ആവശ്യമുയരാന്‍ തുടങ്ങിയിട്ട് നാളേറെയായിട്ടും നടപടിയില്ലാത്തതാണ് പ്രശ്നം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.