കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ അനസ്തറ്റിസ്റ്റ് ഇല്ലാത്തതിനാൽ അടിയന്തര ശസ്ത്രക്രിയകൾ മുടങ്ങുന്നു. മണിക്കൂറുകളോളം കാത്തുനിന്നിട്ടും ശസ്ത്രക്രിയ ചെയ്യാനാവാതെ സ്വകാര്യ ആശുപത്രികളിലേക്ക് പോവേണ്ട ഗതികേടിലാണ് ഇവിടെയെത്തുന്ന രോഗികൾ. വെള്ളിയാഴ്ച മാത്രം രണ്ടു രോഗികൾക്കാണ് അത്യാഹിതവിഭാഗത്തിൽ ഏറെ നേരം കാത്തുനിന്നിട്ടും ഒരു ഫലവുമില്ലാതെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവന്നത്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് രോഗികളുടെ ബന്ധുക്കളും ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് മെഡിക്കൽ കോളജ് പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. നിലവിൽ മെഡിക്കൽ കോളജിലെ പ്രധാന ഓപറേഷൻ തിയറ്റർ വാർഷിക അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുകയാണ്. ജനുവരി ഒന്നിനേ ഇനി തുറക്കുകയുള്ളൂ. എന്നാൽ, അപകടത്തിനിരയായും മറ്റും അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്കായി പ്രവർത്തിക്കുന്ന ഓപറേഷൻ തിയറ്ററിൽ ആവശ്യത്തിന് അനസ്തറ്റിസ്റ്റ് ഇല്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങുകയാണ്. എല്ല് പൊട്ടിയും ഗുരുതരമായി പരിക്കേറ്റും വരുന്ന രോഗികൾ പോലും ഇതിനാൽ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവരുന്നു. അത്യാഹിതവിഭാഗത്തിലെ ശസ്ത്രക്രിയകൾക്ക് അനസ്തേഷ്യ നൽകുന്നതിനായി എച്ച്.ഡി.എസ് ഇടപെട്ട് രണ്ട് അനസ്തറ്റിസ്റ്റുമാരെ നിയമിച്ചിരുന്നു. ഇതിലൊരാൾ മൂന്നു മാസം മുമ്പ് ജോലി വിട്ടു. അവശേഷിക്കുന്ന അനസ്തറ്റിസ്റ്റിനെ പൊതു അനസ്തേഷ്യ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. നവംബർ 29നാണ് മാറ്റിയത്. ഇതിനുപിന്നാലെ ഡിസംബർ ഒന്നിന് ഇയാൾ ജോലി രാജിവെച്ചു. തുടർന്നാണ് അത്യാഹിതവിഭാഗത്തിലെ ശസ്ത്രക്രിയകൾ പ്രതിസന്ധിയിലായത്. നിലവിൽ എമർജൻസി ഒാപറേഷൻ തിയറ്ററിെൻറ ചുമതലയുള്ള അനസ്തറ്റിസ്റ്റിനെ വെച്ചാണ് ശസ്ത്രക്രിയകൾ നടത്തുന്നത്. കഴിഞ്ഞ ദിവസം ഗുരുതര പരിക്കേറ്റ രോഗിയെ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ചെയ്യാനാവാത്തതിനെത്തുടർന്ന് മറ്റൊരാശുപത്രിയിലേക്ക് മാറ്റുന്നതിെൻറ വിഡിയോ ദൃശ്യം സമൂഹമാധ്യമത്തിൽ പടർന്നുപിടിച്ചിരുന്നു. ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലും ഡോക്ടർമാരുടെ കുറവ് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇവിടെ നിയമനം ലഭിക്കുന്നവർ ജോലിയിൽ പ്രവേശിക്കാതിരിക്കുകയോ പ്രവേശിച്ച ഉടൻ മറ്റിടങ്ങളിലേക്ക് സ്ഥലംമാറ്റം വാങ്ങുകയോ െചയ്യുന്നത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.