ഭക്ഷണത്തിൽ എലിയെ കണ്ട സംഭവം: മെഡിക്കൽ കോളജിൽ ജയിൽ ചപ്പാത്തി വിതരണം തുടരും

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ ചത്ത എലിയെ കണ്ടെത്തിയതിനെത്തുടർന്ന് നിർത്തിവെച്ച ഭക്ഷണവിതരണത്തിന് പകരം സംവിധാനവുമായി സാമൂഹിക സുരക്ഷമിഷൻ. കോഴിക്കോട് ജില്ല ജയിലിൽ ഉണ്ടാക്കുന്ന ജയിൽ ചപ്പാത്തി ഭക്ഷണത്തിനായി വിതരണം ചെയ്യാനാണ് തീരുമാനം. വ്യാഴാഴ്ച ഉച്ചക്കാണ് സാമൂഹിക സുരക്ഷ മിഷൻ പദ്ധതിക്കു കീഴിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷണത്തിൽനിന്ന് ചത്ത എലിയുടെ തലയും ശരീരാവശിഷ്ടങ്ങളും കിട്ടിയത്. തുടർന്ന്, രോഗികളുടെയും രാഷ്ട്രീയ സംഘടനകളുടെയും പ്രതിഷേധത്തെത്തുടർന്ന് അധികൃതർ വിതരണകേന്ദ്രം പൂട്ടുകയും കരാറുകാര​െൻറ കരാർ നിർത്തിവെപ്പിക്കുകയും ചെയ്തിരുന്നു. ഭക്ഷണവിതരണം മുടങ്ങാതിരിക്കാൻ വെള്ളിയാഴ്ച ജില്ല കലക്ടർ ഇടപെട്ട് ജയിൽ ചപ്പാത്തി വിതരണം ചെയ്യാൻ സംവിധാനം ഒരുക്കി. 1000 പേർക്കുള്ള ചപ്പാത്തിയും മുട്ടക്കറിയുമാണ് വെള്ളിയാഴ്ച ജയിലിൽനിന്ന് സൗജന്യമായി നൽകിയത്. ചപ്പാത്തി വിതരണത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ ശനിയാഴ്ച വിതരണം നടന്നേക്കില്ല. എങ്കിലും പുതിയ കരാറുകാരനെ ലഭിക്കുന്നതുവരെ ജയിൽ ചപ്പാത്തി തുടരുമെന്ന് സാമൂഹിക സുരക്ഷ മിഷൻ ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ മാധ്യമത്തോട് പറഞ്ഞു. നാല് ചപ്പാത്തിയും മുട്ടക്കറി/പച്ചക്കറിയും എന്ന തോതിൽ 2000 പേർക്ക് വിതരണം ചെയ്യും. 23 രൂപയാണ് ഒരാൾക്കുള്ള ചെലവ്. സാമൂഹിക സുരക്ഷ മിഷനാണ് ചെലവ് വഹിക്കുക. നിലവിൽ പ്രതികൂല റിപ്പോർട്ടും നടപടിയും ഉണ്ടായിട്ടും കോടതി വിധിയിലൂടെ മാത്രം കരാർ തുടർന്ന തിരൂർ സ്വദേശിക്ക് ഇനിയൊരു കാരണവശാലും കരാർ നൽകില്ലെന്നാണ് മിഷ​െൻറ നിലപാട്. ടെൻഡർ പരിഗണന പട്ടികയിലുണ്ടായിരുന്ന രണ്ടാമത്തെയാൾക്ക് വിതരണത്തിന് താൽപര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഒരാഴ്ചക്കകം സ്ഥിരം സംവിധാനമൊരുക്കുമെന്ന് മിഷൻ ഡയറക്ടർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.