കൂട്ടാലിട: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയിൽ കരിങ്കൽ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ ചെങ്ങോടുമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട് നാലിന് കൂട്ടാലിടയിൽ പൊതുയോഗം നടത്തും. കാലിക്കറ്റ് യൂനിവേഴ്സിറ്റി ജീവശാസ്ത്ര വിഭാഗം തലവൻ ഇ. ശ്രീകുമാർ പ്രഭാഷണം നടത്തും. ചെങ്ങോടുമല വിലക്കെടുത്ത് ക്വാറി- ക്രഷർ തുടങ്ങാൻ ഭൂമാഫിയ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ചെങ്കുത്തായി സ്ഥിതി ചെയ്യുന്ന ചെങ്ങോടുമലയിൽ ഖനനാനുമതി നേടിയ റീസർവേ 82, 76/1 സ്ഥലത്തിനടുത്തായി 150ഓളം പട്ടികവർഗ കുടുംബങ്ങളും 25ൽപരം പട്ടികജാതി കുടുംബങ്ങളും താമസിക്കുന്നുണ്ട്. 70ഒാളം മറ്റ് വിഭാഗം കുടുംബങ്ങളും ഇവിടെ താമസിക്കുന്നു. പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നിർമിച്ച ജലനിധി പദ്ധതിയുടെ മൂന്നു ജലസംഭരണികൾ ഈ സ്ഥലത്തിനു സമീപത്താണ്. ജൈവവൈവിധ്യങ്ങളാൽ സമ്പന്നമായ ഇവിടെ വംശനാശഭീഷണി നേരിടുന്ന നിരവധി ജീവികളുടെയും ആവാസകേന്ദ്രമാണ്. ചെങ്ങോടുമല തകർന്നാൽ നരയംകുളം, മൂലാട്, പുളിയോട്ടുമുക്ക്, ആവറാട്ടുമുക്ക് തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾ ജലക്ഷാമത്തിെൻറ പിടിയിലമരുമെന്ന് സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു. ഡൽറ്റ ഗ്രൂപ് ചെയർമാൻ തോമസ് ഫിലിപ്പാണ് വൻ വില നൽകി ചെങ്ങോടുമല സ്വകാര്യ വ്യക്തികളിൽനിന്ന് വാങ്ങിയത്. കോട്ടൂർ ഗ്രാമപഞ്ചായത്തും വില്ലേജും ക്വാറിക്കെതിരെ നടപടി കൈക്കൊള്ളണമെന്ന് സമിതി ചെയർമാൻ പി.കെ. മധു, കൺവീനർ രാജൻ ചെങ്ങോട്ടുമ്മൽ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.