മകനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്​റ്റില്‍

താമരശ്ശേരി: പതിനൊന്നുകാരനായ മകനെ ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും അറസ്റ്റില്‍. ഈ മാസം 23നാണ് പരപ്പന്‍പൊയില്‍ സ്വദേശിനിയായ യുവതി മുക്കം വാലില്ലാപുഴ സ്വദേശി പ്രജിലിനൊപ്പം (30) ഒളിച്ചോടിയത്. ഭര്‍ത്താവ് താമരശ്ശേരി പൊലീസില്‍ നല്‍കിയ പരാതിയിലാണ് ഇരുവരും അറസ്റ്റിലായത്. യുവതിയുടെ പതിനൊന്നുവയസ്സുകാരനായ മകന്‍ നല്‍കിയ മൊഴിയില്‍ തന്നെ മാതാവ് ശാരീരികമായി ഉപദ്രവിച്ചിരുന്നതായും തന്നെ ഉപേക്ഷിച്ചു പോയതായും വെളിപ്പെടുത്തിയിരുന്നു. ജെ.ജെ. ആക്ടിലെ 75-ാം വകുപ്പ് പ്രകാരവും കുട്ടിയെ ഉപേക്ഷിച്ചു പോയതിന് 317 ഐ.പി.സി പ്രകാരവും ഭര്‍ത്താവി​െൻറ സമ്മതമില്ലാതെ അന്യപുരുഷനൊപ്പം താമസിച്ചതിന് ഐ.പി.സി. 497 പ്രകാരവുമാണ് പൊലീസ് കേസെടുത്തത്. നാല് വര്‍ഷമായി ഇവർ പ്രണയത്തിലായിരുന്നു. പുതുപ്പാടിയിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി ചെയ്തു വന്ന യുവതിയുമായി നിര്‍മാണ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പ്രജില്‍ പ്രണയത്തിലാവുകയായിരുന്നു. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന യുവതിയുടെ ഭര്‍ത്താവ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ചെന്നൈയില്‍ ഒളിവില്‍ താമസിച്ചുവരുകയായിരുന്ന ഇരുവരും ബുധനാഴ്ച മുക്കത്ത് എത്തിയെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.