ഓഖി ദുരന്തം: ബേപ്പൂർ തുറമുഖത്തുനിന്ന് തിരച്ചിലിന് പോയ ബോട്ടുകൾ മടങ്ങിയെത്തുന്നു

വെള്ളിയാഴ്ച രാത്രിയോടെ പത്തോളം ബോട്ടുകൾ ഹാർബറിൽ തിരിച്ചെത്തി ബേപ്പൂർ: ബേപ്പൂർ തുറമുഖത്തുനിന്ന് ഓഖി ദുരന്തത്തിൽ കാണാതായവരെ അന്വേഷിച്ചു പോയ ബോട്ടുകൾ തിരച്ചിൽ അവസാനിപ്പിച്ച ്മടങ്ങിത്തുടങ്ങി. വെള്ളിയാഴ്ച രാത്രിയോടെ പത്തോളം ബോട്ടുകൾ ഹാർബറിൽ തിരിച്ചെത്തി. ബാക്കിയുള്ള ബോട്ടുകൾ ശനിയാഴ്ച ഉച്ചയോടെ മടങ്ങിയെത്തും. 22 ബോട്ടുകളാണ് ഉൾക്കടലിലെ തിരച്ചിലിനായി ബേപ്പൂർ തുറമുഖത്തുനിന്ന് പുറപ്പെട്ടത്. നാല് മൃതദേഹങ്ങളാണ് സർക്കാർ നിർദേശപ്രകാരമുള്ള പ്രത്യേക തിരച്ചിലിൽ ലഭിച്ചത്. മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ ഉപയോഗിച്ചുള്ള തിരച്ചിലിൽ ലഭിക്കുന്ന മൃതദേഹങ്ങൾ മറൈൻ എൻഫോഴ്സ്മ​െൻറി​െൻറ സഹായത്തോടെ ഏറ്റവും അടുത്ത തീരങ്ങളിലേക്കെത്തിക്കുകയായിരുന്നു. അജ്മീർഷ, ശരണം, കേരള വ്യൂ എന്നീ ബോട്ടുകൾക്കാണ് നാലു മൃതദേഹങ്ങൾ ലഭിച്ചത്. കൊയിലാണ്ടി, കണ്ണൂർ ഭാഗങ്ങളിൽനിന്നാണ് അജ്മീർഷ ബോട്ടിന് രണ്ട് മൃതദേഹങ്ങൾ ലഭിച്ചത്. കാസർകോട് ഭാഗത്തുനിന്നാണ് കേരള വ്യൂ ബോട്ടിന് രണ്ടു മൃതദേഹങ്ങൾ ലഭിച്ചത്. ബോട്ടുകൾക്ക് ആവശ്യമായ 3000 ലിറ്റർ ഡീസലും ഓരോ ബോട്ടിലെ തൊഴിലാളിക്കും ദിനബത്തയായി 800 രൂപയും ഫിഷറീസ് വകുപ്പ് നൽകിയിരുന്നു. ഒരു ബോട്ടിൽ അഞ്ച് മത്സ്യത്തൊഴിലാളികൾ വീതമാണ് പുറപ്പെട്ടത്. കാണാതായവരെക്കുറിച്ച് ഉൾക്കടലിലെ തിരച്ചിലിന് മുഖ്യമന്ത്രി പിണറായി വിജയ​െൻറ പ്രത്യേക നിർദേശപ്രകാരമാണ് കേരളത്തിലെ വിവിധ തുറമുഖങ്ങളിൽനിന്നായി 105 ബോട്ടുകൾ കഴിഞ്ഞ 18-ന്‌ തിരച്ചിലിന് പുറപ്പെട്ടത്. മംഗളൂരു തീരം വരെ തിരയാനായിരുന്നു നിർദേശം. കേരളതീരത്ത് നിന്നും 100 നോട്ടിക്കല്‍ മൈല്‍ അകലെ ദൂരത്തില്‍ നാലുദിവസത്തെ തിരച്ചിലിനാണ് ഓൾ കേരള ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷനുമായും വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുമായും സംയോജിച്ച് സർക്കാർ തീരുമാനമെടുത്തത്. മറൈൻ എൻഫോഴ്സ്മ​െൻറ് നേതൃത്വത്തിലാണ് മീൻപിടിത്ത ബോട്ടുകൾ ഉപയോഗിച്ചുള്ള തിരച്ചിൽ നടത്തിയത്. തിരച്ചിൽ ബോട്ടുകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തി​െൻറ (സി.എം.എഫ്.ആർ.ഐ) നിരീക്ഷണ കപ്പലായ 'സിൽവർ പൊപ്പാനോ' ഉൾക്കടലിൽ റോന്തു ചുറ്റിയിരുന്നു. നാല് നോട്ടിക്കല്‍ മൈല്‍ പരസ്പര അകലം പാലിച്ചായിരുന്നു തിരച്ചിൽ‍. മറൈന്‍ എന്‍ഫോഴ്‌സ്‌മ​െൻറി‍​െൻറയും മത്സ്യവകുപ്പി‍​െൻറയും ലീഡ് ബോട്ടുകൾ ഓരോ കേന്ദ്രങ്ങളില്‍നിന്നും പുറപ്പെടുന്ന ബോട്ടുകളെ നിയന്ത്രിക്കുകയും ചെയ്തു. ഓരോ കേന്ദ്രങ്ങളുടെയും മേല്‍നോട്ടം വഹിക്കുവാന്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. അതേസമയം, തിരച്ചിലിന് പോയ ബോട്ടുകൾക്കും സാമ്പത്തിക നഷ്ടങ്ങൾ വന്നതായി ബോട്ടുടമകൾ അറിയിച്ചു. അജ്മീർഷാ ബോട്ടി​െൻറ റോപ്പും കപ്പിയും പൊട്ടിപ്പോയി. ഇത് കാരണം 80,000 രൂപയുടെ നഷ്ടമുണ്ടായതായി സ്രാങ്ക് കന്യാകുമാരി കുളച്ചിൽ സ്വദേശി ക്ലൈസൺ 'മാധ്യമ'ത്തോട് പറഞ്ഞു. തിരച്ചിലിനു പോയ ബോട്ടിൽ ആദ്യമായി ഒരു മൃതദേഹം ലഭിച്ചതും ഇവർക്കാണ്. തല നഷ്ടപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. കൂടാതെ, ഒരുഭാഗം തകർന്ന തോണിയും ഭാരമുള്ള എൻജിനും വലയും കെട്ടിപ്പിണഞ്ഞ നിലയിലുമാണ് ഇവർക്ക് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.