വിത്തുതേങ്ങക്ക് 75 രൂപ കിട്ടണമെന്ന്​ കർഷകർ

കുറ്റ്യാടി: കൃഷിവകുപ്പ് സംഭരണകേന്ദ്രങ്ങൾ വഴി ശേഖരിക്കുന്ന നാടൻ ഇനം (വെസ്റ്റ് കോസ്റ്റ് ടോൾ) വിത്തുതേങ്ങക്ക് 75 രൂപ ലഭിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കാവിലുമ്പാറ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സംസ്ഥാനതല വിലനിർണയ യോഗത്തിലാണ് ആവശ്യമുന്നയിച്ചത്. കഴിഞ്ഞ വർഷം 44 രൂപയാണ് ലഭിച്ചത്. തൊട്ടിൽപാലം റീജ്യനിൽപെട്ട കാവിലുമ്പാറ, കായക്കൊടി, മരുതോങ്കര, ചക്കിട്ടപാറ പഞ്ചായത്തുകളിൽനിന്നും ഉള്ള്യേരി റീജ്യനിലെ കൂരാച്ചുണ്ട്, കട്ടിപ്പാറ തുടങ്ങിയ പഞ്ചായത്തുകളിൽനിന്നും മാത്രമാണ് കേരളത്തിൽ നാടൻ ഇനം വിത്തുതേങ്ങ സംഭരിക്കുന്നത്. ഈ വർഷം പൊതിച്ചതേങ്ങക്ക് മാർക്കറ്റ് വില കിലോക്ക് 45 രൂപ വരെ എത്തിയ സന്ദർഭത്തിലാണ് കർഷകർ 75 രൂപ ആവശ്യപ്പെട്ടത്. കൃഷി ഡയറക്ടർ എ.എം. സുനിൽകുമാറും മറ്റ് ഉദ്യോഗസ്ഥരുമാണ് യോഗത്തിനെത്തിയത്. ടാർഗറ്റ് വിർധിപ്പിക്കുക, സംഭരിക്കുന്ന നാളികേരം കയറ്റിപ്പോകുന്ന മുറക്ക് കർഷകർക്ക് പണം ലഭ്യമാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. കർഷകരുടെ നിർദേശങ്ങൾ വകുപ്പുതലത്തിൽ ചർച്ചചെയ്തശേഷം വില പ്രഖ്യാപിക്കുമെന്ന് ഡയറക്ടർ അറിയിച്ചു. ഈ വർഷത്തെ ടാർഗറ്റ് മൂന്നു ലക്ഷമെന്നത് നാലാക്കി ഉയർത്തിയതായി ഡയറക്ടർ അറിയിച്ചു. മുമ്പ് 20 ലക്ഷംവരെ വിത്തുനാളികേരം ഇരു റീജ്യനിൽനിന്നും സംഭരിച്ചതാണ്. ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാവിലുമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ ജോർജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത്, കായക്കൊടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. നാണു, ജോസഫ് കാഞ്ഞിരത്തിങ്കൽ, ടി.കെ. നാണു, എ.ആർ. വിജയൻ, സൂപ്പി മണക്കര, ടി.എ. കുഞ്ഞിക്കണ്ണൻ, ബോബി മൂക്കൻതോട്ടം, ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ പി. േപ്രമജ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആർ. ബിന്ദു, അസി. ഡയറക്ടർ പി. ഡോളി, കൃഷി ഓഫിസർ പി.ആർ. ഷാജി എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.