ബി.ജെ.പിക്ക് ബദലാകാൻ കോൺഗ്രസിനാകില്ല -കോടിയേരി ബാലകൃഷ്ണൻ ഈങ്ങാപ്പുഴ: തീവ്ര ഹിന്ദുത്വ സമീപനമുള്ള ബി.ജെ.പിക്കും മൃദു ഹിന്ദുത്വ സമീപനമുള്ള കോൺഗ്രസിനുമെതിരെ മതേതര ശക്തികളുടെ കൂട്ടായ്മ ശക്തിപ്പെട്ടുവരുകയാണെന്നും ആർ.എസ്.എസിെൻറ പിന്തുണയോടെ രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് ബദലാകാൻ കോൺഗ്രസിനാകില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യം സി.പി.എം പോളിറ്റ് ബ്യൂറോ അർഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുള്ളതാണ്. ഹിമാചൽപ്രദേശിൽ സി.പി.എം സ്ഥാനാർഥിയുടെ വിജയം രാജ്യത്തുരുത്തിരിഞ്ഞുവരുന്ന ബദൽ രാഷ്ട്രീയ സമീപനത്തിെൻറ നാന്നിയാണ് കുറിക്കുന്നത്. ബി.ജെ.പിയോടും കോൺഗ്രസിനോടും മത്സരിച്ചാണ് സി.പി.എം സ്ഥാനാർഥി രാജേഷ് സിൻഹ വിജയിച്ചത്. മാത്രവുമല്ല, 10 മണ്ഡലങ്ങളിൽ സി.പി.എം രണ്ടാം സ്ഥാനത്തെത്തിയെന്നതും ബദൽ രാഷ്ട്രീയത്തിനനുകൂലമാണെന്ന സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയിലിൽ മത്തായി ചാക്കോ സ്മാരകമന്ദിരത്തിെൻറ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം ഏരിയ സെക്രട്ടറി ആർ.പി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. സ്മാരക മന്ദിരത്തിന് സംഭാവന കിട്ടിയ ഭൂമിയുടെ രേഖ ജോർജ് എം. തോമസ് എം.എൽ.എ ഏറ്റുവാങ്ങി. ജില്ല കമ്മിറ്റി അംഗം എ. രാഘവൻ മാസ്റ്റർ, കെ.സി. വേലായുധൻ എന്നിവർ സംസാരിച്ചു. നിർമാണ കമ്മിറ്റി ചെയർമാൻ ഗിരീഷ് ജോൺ സ്വാഗതവും കൺവീനർ ടി.എ. മൊയ്തീൻ നന്ദിയും പറഞ്ഞു. മുൻ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറും അഞ്ചു വർഷം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും മഹിള കോൺഗ്രസ് ജില്ല ഭാരവാഹിയുമായ ബിന്ദു ഉദയൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് മെംബറും ഡി.സി.സി മെംബറും ദലിത് കോൺഗ്രസ് ജില്ല സെക്രട്ടറിയുമായ ഇ.കെ. വിജയൻ എന്നിവരടക്കം കോൺഗ്രസിൽനിന്നും ലീഗിൽനിന്നും രാജിവെച്ചുവന്ന 27 പേരെ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം പി. സതീദേവി ഹാരാർപ്പണം നടത്തി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.