കൊയിലാണ്ടി: പതിവുപോലെ പുലർന്നൊരു പ്രഭാതമായിരുന്നു വ്യാഴാഴ്ചയും കൊയിലാണ്ടി കടലോരത്ത്. സാധാരണപോലെ ഹാർബറിൽ തൊഴിലാളികൾ ജോലിയിൽ മുഴുകിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ആ വാർത്ത എത്തുന്നത്. ഓഖി ദുരന്തത്തിെൻറ പിടിയിൽപ്പെട്ട രണ്ട് മൃതദേഹം കടലിൽ ഒഴുകിക്കൊണ്ടിരിക്കുന്നു. മത്സ്യ ബന്ധനത്തിനു പോയവരിൽനിന്ന് ഈ വിവരം അറിഞ്ഞപ്പോൾ കടലോരം ദുഃഖസാന്ദ്രമായി. രാവിലെ 11നാണ് വാർത്തയെത്തുന്നത്. തുടർന്ന്, മൃതദേഹങ്ങൾ കരക്കെത്തിക്കാനായി നടപടികൾ സ്വീകരിച്ചുകൊണ്ടുള്ള നിർദേശം അധികൃതർ നൽകി. പ്രദേശത്തുകാരനായ അജീഷിെൻറ വള്ളത്തിലാണ് 12.30 ഓടെ ഒരു മൃതദേഹം തീരത്ത് കൊണ്ടുവന്നത്. ഏതോ നാട്ടുകാരനായ, പേരുപോലും വിളിക്കാനാവാത്ത ആ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം തങ്ങളുടെ രക്തബന്ധത്തിലുള്ള ഒരാളുടേതെന്ന പോലുള്ള വൈകാരികതയോടെയാണ് കടലോരം ഏറ്റുവാങ്ങിയത്. ജനനിബിഢമായിരുന്നു പരിസരം. വിങ്ങുന്ന മനസ്സുമായി അവർ അന്ത്യാഞ്ജലി അർപ്പിച്ചു. തഹസിൽദാർ എൻ. റംല, പ്രിൻസിപ്പൽ എസ്.ഐ സി.കെ. രാജേഷ്, ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവരും നാട്ടുകാരും എത്തിയിരുന്നു. മറ്റൊരാളുടെ മൃതദേഹം കപ്പലിലായതിനാൽ കൊയിലാണ്ടി തീരത്തടുപ്പിക്കാനാവില്ല. ഇക്കാരണത്താലാണ് ബേപ്പൂരിലേക്ക് കൊണ്ടുപോയത്. ബുധനാഴ്ച നന്തി കോടിക്കൽ കടപ്പുറത്ത് തകർന്ന ഫൈബർ ബോട്ടും വ്യാഴാഴ്ച കാപ്പാട് കടപ്പുറത്ത് ഫൈബർ ബോട്ടിെൻറ അവശിഷ്ടങ്ങളും കരക്ക് അടിഞ്ഞിരുന്നു. ഇവയിൽ ജോലി ചെയ്തവരുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.