കിണറിടിഞ്ഞ്​ മോട്ടോർ വെള്ളത്തിലായിട്ട്​ മാസങ്ങൾ; വെള്ളംമുട്ടി പാലോറ കുന്നിൽ 50 കുടുംബങ്ങൾ

പേരാമ്പ്ര: ജലനിധി പദ്ധതിയുടെ കിണറിടിയുകയും മോട്ടോർ വെള്ളത്തിൽ പോവുകയും ചെയ്തിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും കൂത്താളി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ പാലോറ കുന്നിൽ 50 കുടുംബങ്ങൾ കുടിവെള്ളമില്ലാതെ ദുരിതത്തിൽതന്നെ. 2001ൽ ആണ് ഈ പദ്ധതി കമീഷൻ ചെയ്തത്. 2016 ജൂൺ 13ന് കിണർ ഇടിഞ്ഞുതാഴുകയും മൂന്ന് മാസത്തിനുശേഷം സമീപത്തുണ്ടായിരുന്ന പമ്പ് ഹൗസ് മോട്ടോർ ഉൾപ്പെടെ ഇതേ കിണറ്റിലേക്ക് ഇടിഞ്ഞുവീഴുകയും ചെയ്തിരുന്നു. ആശാരിമുക്ക്, പുളിക്കേടത്ത്ചാൽ, മാമ്പള്ളി, പാലോറകുന്ന് പ്രദേശങ്ങളിലെ 50 ഓളം കുടുംബങ്ങൾക്ക് ഏക ആശ്രയമായിരുന്ന ഈ കുടിവെള്ള പദ്ധതി ഇല്ലാതായതോടെ വളരെ ദൂരെ നിന്ന് വാഹനത്തിലും ചിലർ മോട്ടോർവെച്ചുമാണ് ഇപ്പോൾ വെള്ളം എത്തിക്കുന്നത്. നാളിതുവരെയായി പഞ്ചായത്തിലും ബ്ലോക്കിലും നിരവധി തവണ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു. പുതിയ കിണർ നിർമിക്കാൻ സ്ഥലം സൗജന്യമായി നൽകാൻ തയാറാണെന്നുള്ള സമ്മതപത്രം ഉൾപ്പെടുത്തി സ്ഥലം എം.എൽ.എ യും മന്ത്രിയുമായ ടി.പി. രാമകൃഷ്ണന് ഗുണഭോക്താക്കൾ നിവേദനം നൽകിയിട്ടുണ്ട്. പ്രദേശത്ത് കുടിവെള്ളമെത്തിക്കാൻ സത്വരനടപടികൾ കൈക്കൊള്ളണമെന്ന് ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ മിഷൻ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കൂത്താളിയിൽ നടന്ന യോഗത്തിൽ ജില്ല സെക്രട്ടറി കുഞ്ഞിക്കണ്ണൻ ചെറുക്കാട്, മേഖല പ്രസിഡൻറ് അബ്ദുല്ല പുനത്തിൽ, സജീവൻ പല്ലവി, ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.