കോഴിക്കോട്: ജില്ലയുടെ പ്രധാന കാർഷിക- കുടിവെള്ള േസ്രാതസ്സായ കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലുകൾ കയർഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്താനും ചോർച്ച തടയാനുമുള്ള വിശദമായ കർമപദ്ധതിക്ക് അന്തിമരൂപമായി. കനാൽ ശൃംഖലയുടെ 60 കിലോമീറ്ററോളം വരുന്ന ഭാഗമാണ് തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി പ്രകൃതിസൗഹൃദമായ രീതിയിൽ പുനരുദ്ധരിക്കുന്നത്. അധികമായി ചോർച്ചയുള്ള കനാൽ ഭാഗങ്ങൾ മണ്ണിടുകയും കയർഭൂവസ്ത്രം ഉപയോഗിച്ച് ശരിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള പദ്ധതിക്ക് ജില്ലയിലെ 32 ഗ്രാമപഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരും പാടശേഖര സമിതി പ്രതിനിധികളും പങ്കെടുത്ത ശിൽപശാലയിലാണ് അന്തിമരൂപം നൽകിയത്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കലക്ടർ യു.വി. ജോസ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ 43 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും കോഴിക്കോട് കോർപറേഷനിലുമായി വ്യാപിച്ചു കിടക്കുന്ന കനാൽ ശൃംഖലയാണ് കുറ്റ്യാടി ജലസേചന പദ്ധതിക്കുള്ളത്. 40 വർഷം മുമ്പ് നിർമിച്ച കനാലുകളിൽ കാലപ്പഴക്കവും അറ്റകുറ്റപ്പണികളുടെ അഭാവവും മൂലം വെള്ളം എത്തുന്ന ദൂരം കുറഞ്ഞുവരുകയാണ്. ഈ സാഹചര്യത്തിലാണ് കുറ്റ്യാടി പദ്ധതി എക്സിക്യൂട്ടീവ് എൻജിനീയർ കെ. രാമചന്ദ്രെൻറ നേതൃത്വത്തിൽ കയർഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്താവുന്ന കനാൽ ഭാഗങ്ങൾ കണ്ടെത്തി ബ്ലോക്ക് അടിസ്ഥാനത്തിൽ നീളവും വിസ്തീർണവും അടങ്ങുന്ന പട്ടിക തയാറാക്കിയത്. 1,68,578 ച. മീറ്റർ കയർ ഭൂവസ്ത്രം കയർഫെഡ് ലഭ്യമാക്കും. ശിൽപശാലക്ക് അസി. കലക്ടർ സ്നേഹിൽ സിങ്, കുറ്റ്യാടി ജലസേചന പദ്ധതി എക്സിക്യൂട്ടീവ് എൻജിനീയർ കെ. രാമചന്ദ്രൻ, നാഷനൽ കയർ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ ഡോ. കെ.ആർ. അനിൽകുമാർ, എം.എൻ.ആർ.ഇ.ജി.എസ് േപ്രാജക്ട് ഡയറക്ടർ, കയർഫെഡ് ജിയോടെക്സ് വകുപ്പ് മേധാവി കൈരളി കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.