വെള്ളിമാട്കുന്ന്-മാനാഞ്ചിറ റോഡിൽ കുരുതി തുടരുന്നു --------------------------------------- kc ലീഡ് ആക്കാവുന്നത് കോഴിക്കോട്: നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും വീതികൂട്ടി വികസനം യാഥാർഥ്യമാകാത്ത മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡിൽ വീണ്ടും മനുഷ്യക്കുരുതി. വയനാട് റോഡിൽ കിഴക്കേ നടക്കാവ് ജങ്ഷനിൽ ബൈക്കും ബസുമിടിച്ച് ബൈക്ക് യാത്രക്കാരൻ പെരുമണ്ണ പുളിക്കൽതാഴം ചാലിൽപറമ്പ് മൊയ്തീൻ കുട്ടി (56) ബുധനാഴ്ച രാവിലെ മരിച്ചതോടെ കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം 90ഒാളമായി. നടക്കാവ് ജങ്ഷനിൽ ഒന്നരക്കൊല്ലത്തിനിടെ മൂന്നാമത്തെ അപകടമരണം. സംഭവത്തിൽ പ്രതിഷേധിച്ച് മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് ആക്ഷൻ കമ്മിറ്റി, നടക്കാവ് വികസന സമിതി എന്നിവരുടെ ആഭിമുഖ്യത്തിൽ ജങ്ഷന് സമീപം പ്രതിേഷധയോഗം നടത്തി. ഡോ. എം.ജി.എസ്. നാരായണൻ യോഗം ഉദ്ഘാടനം ചെയ്തു. നിരപരാധികളെ നിരന്തരം കുരുതിക്ക് കൊടുക്കുന്നത് നോക്കിനിൽക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. അപകടമരണങ്ങൾ തുടരുന്ന സാഹചര്യത്തിൽ റോഡ് ഉപരോധമടക്കം പ്രക്ഷോഭം ശക്തമാക്കാൻ യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം നഗരത്തിലെ നവീകരിച്ച ആറുപാതകളുടെ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി, അടുത്ത ഘട്ടം പാതനവീകരണത്തിൽ ഒന്നാമത് പരിഗണന മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡിനാണെന്ന് പ്രഖ്യാപിച്ചിരുന്നു. 8.4 കിലോമീറ്റർ റോഡിൽ സ്ഥലമെടുപ്പ് നീണ്ടുപോയതാണ് മുഖ്യപ്രശ്നം. എന്നാൽ 50 കോടി അനുവദിച്ചതോടെ സ്ഥലമേറ്റെടുപ്പ് ഏറക്കുറെ നടപ്പിലായി. ഫെബ്രുവരിയിൽ 50 കോടിയും തുടർന്ന് നൂറുകോടിയും നവംബറിൽ മുഴുവൻ സംഖ്യയും അനുവദിക്കാനാവുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ നൂറുകോടിയെങ്കിലും ലഭിക്കാതെ പണി തുടങ്ങാനാവാത്ത അവസ്ഥയാണിപ്പോൾ. ആക്ഷൻ കമ്മിറ്റി കൺവീനർ അഡ്വ. മാത്യു കട്ടിക്കാന അധ്യക്ഷത വഹിച്ചു. കെ.പി. വിജയകുമാർ, പി.എം. പ്രേമരാജൻ, എ.കെ. ആലിക്കുട്ടി, കെ.പി. സത്യകൃഷ്ണൻ, പി. ലോഹിതാക്ഷൻ, എസ്. നൗഷാദ്, പി. സുനിൽ കുമാർ, ബാബു പണിക്കർ, എം.എം.എ. കോയ, എൻ. ഭാഗ്യനാഥ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.