കോഴിക്കോട്: ജില്ലയിൽ നബിദിനാഘോഷം പരിസ്ഥിതി സൗഹൃദമായി നടത്താൻ ജില്ല കലക്ടറുടെ നേതൃത്വത്തിൽ നടന്ന വിവിധ മതസംഘടന മേധാവികളുടെ യോഗത്തിൽ തീരുമാനിച്ചു. ആഘോഷ പരിപാടികൾ ഗ്രീൻ േപ്രാട്ടോകോൾ അനുസരിച്ച് നടത്തുന്നതിനുളള ഹരിത കേരള മിഷെൻറ അഭ്യർഥന കലക്ടർ യു.വി ജോസ് യോഗത്തിൽ അവതരിപ്പിച്ചു. മഹല്ല് കമ്മിറ്റികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നബിദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് റാലികൾ, പൊതുസമ്മേളനങ്ങൾ കലാപരിപാടികൾ, ഭക്ഷണവിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ നടത്തുന്ന പരിപാടികളിൽ ആഹാരപാനീയ വിതരണത്തിന് നിരോധിത പ്ലാസ്റ്റിക് കവറുകളും ഡിസ്പോസബ്ൾ വസ്തുക്കളും പൂർണമായും ഒഴിവാക്കി പകരം കഴുകി ഉപയോഗിക്കാൻ കഴിയുന്ന പാത്രങ്ങളിലും ഗ്ലാസ്സുകളിലും വിതരണം നടത്തും. ഫ്ലക്സിന് പകരം തുണി ബാനറുകൾ ഉപയോഗിക്കാനും തീരുമാനിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് മതനേതാക്കൾ മഹല്ല് കമ്മിറ്റികൾക്കും സംഘാടകർക്കും നൽകും. ശുചിത്വ മിഷൻ ജില്ല കോർഡിനേറ്റർ സി. കബനി, ഉമർ ഫൈസി (സമസ്ത), നാസർ ഫൈസി കൂടത്തായി, എ. അബൂബക്കർ സഖാഫി (എസ്.വൈ.എസ്), ഒ.പി. അഷ്റഫ് (എസ്.കെ.എസ്.എസ്.എഫ്), അബ്ദുൾ നാസർ സഖാഫി (സമസ്ത), ഗസൽറിയാസ് (എസ്.എസ്.എഫ്), യൂസഫ് നൂറാനി (മർകസ്) എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.