ശത്രുക്കൾ ഇനി മിത്രങ്ങൾ

പേരാമ്പ്ര: പരസ്പരം കൊല്ലാൻ ശ്രമിച്ചവർ ഇന്ന് ഒരു കൂട്ടിൽ സുഹൃത്തുക്കളായി കഴിയുന്നത് നാട്ടുകാരിൽ കൗതുകമുണർത്തി. കൂറ്റൻ രാജവെമ്പാലയും പെരുമ്പാമ്പുമാണ് പെരുവണ്ണാമൂഴി വന്യജീവി പരിചരണ കേന്ദ്രത്തിൽ സുഹൃത്തുക്കളായി കഴിയുന്നത്. പെരുവണ്ണാമൂഴി - വട്ടക്കയം റോഡോരത്ത് തിങ്കളാഴ്ച ഉച്ചയോടെയാണ് പരസ്പരം തിന്നാൻ ശ്രമിക്കുന്ന രാജവെമ്പാലയെയും പെരുമ്പാമ്പിനെയും കാണുന്നത്. പകുതിയോളം രാജവെമ്പാലയുടെ വായിൽ അകപ്പെട്ട പെരുമ്പാമ്പ് രാജവെമ്പാലയുടെ കഴുത്തിൽ വരിഞ്ഞുമുറുക്കുകയായിരുന്നു. കഴുത്തിൽ പിടിത്തം വീണതോടെ പാമ്പുരാജാവിന് പെരുമ്പാമ്പിനെ പൂർണമായും വിഴുങ്ങാൻ കഴിഞ്ഞില്ല. ഇരുവരുടെയും ജീവന്മരണ പോരാട്ടം കണ്ട നാട്ടുകാർ പെരുവണ്ണാമൂഴി വനംവകുപ്പ് വാച്ചറും പാമ്പുപിടിത്തക്കാരനുമായ സുരേന്ദ്രൻ കരിങ്ങാടിനെ വിവരമറിയിച്ചു. അദ്ദേഹമെത്തി രാജവെമ്പാലയെ പിടിച്ച് പെരുമ്പാമ്പി​െൻറ പിടിയിൽനിന്ന് മോചിപ്പിച്ചശേഷം രാജവെമ്പാലയുടെ വായിൽനിന്ന് പെരുമ്പാമ്പിനെയും മോചിതനാക്കി. നാലര മീറ്ററോളം നീളമുള്ള രാജവെമ്പാലക്ക് ഏകദേശം 18 വയസ്സുണ്ടെന്നാണ് സുരേന്ദ്രൻ പറയുന്നത്. ഒന്നര മീറ്റർ നീളമുള്ള പെരുമ്പാമ്പിന് മൂന്നര വയസ്സുണ്ടെന്നും കരുതുന്നു. രാജവെമ്പാലയുടെ വായിൽനിന്ന് രക്ഷപ്പെട്ട പെരുമ്പാമ്പിന് കടിയേറ്റിട്ടില്ല. രണ്ടു പേരെയും ഒരു കൂട്ടിലാണ് ഇട്ടിരിക്കുന്നത്. ഒരിക്കൽ വിഴുങ്ങാൻ ശ്രമിച്ച് പരാജയപ്പെട്ടാൽ പിന്നെ പരസ്പരം പോരടിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഒരു കൂട്ടിലാക്കിയതെന്നും സുരേന്ദ്രൻ പറഞ്ഞു. ഇരുവരും പൂർണ ആരോഗ്യവാന്മാരാണെന്നും മൂന്നു ദിവസം നിരീക്ഷിച്ചശേഷം ഉൾവനത്തിൽ വിടുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. സുരേന്ദ്ര​െൻറ 66ാമത്തെ ഇരയാണ് ഈ രാജവെമ്പാല. വളരെക്കാലമായി നാട്ടുകാർ ഇതിനെ പെരുവണ്ണാമൂഴിയിലെ പല ഭാഗങ്ങളിലും കാണാറുണ്ടായിരുന്നു. ഒന്നുരണ്ട് തവണ സുരേന്ദ്രൻ പിടിക്കാൻ എത്തുമ്പോഴേക്കും ഇത് രക്ഷപ്പെടുകയായിരുന്നു. കൂറ്റൻ രാജവെമ്പാല പിടിയിലായതോടെ നാട്ടുകാർക്ക് ആശ്വാസമായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.