ബി.ജെ.പിയുടെ പരാതിയിലാണ് സംസ്ഥാന സർക്കാറിന് കത്തയച്ചത് പാലക്കാട്: സ്വാതന്ത്ര്യ ദിനത്തിൽ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് സ്കൂളിൽ ദേശീയ പതാകയുയർത്തിയതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളിൽ വിശദീകരണം തേടി പ്രധാനമന്ത്രിയുടെ ഓഫിസ് സംസ്ഥാന സർക്കാറിന് കത്തയച്ചു. ബി.ജെ.പി പാലക്കാട് ജില്ല പ്രസിഡൻറ് ഇ. കൃഷ്ണദാസിെൻറ പരാതിയിലാണിത്. സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം അലങ്കോലമാക്കാൻ കലക്ടർ ശ്രമിച്ചെന്നാണ് പരാതി. പാലക്കാട് മൂത്താന്തറ കർണകിയമ്മൻ സ്കൂളിൽ മോഹൻ ഭാഗവത് ദേശീയപതാകയുയർത്തിയത് വിവാദമായിരുന്നു. നടപടിയെടുക്കാൻ നിയമപരിശോധന നടത്തുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ജില്ല അധികൃതർ നൽകിയ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ വകുപ്പിെൻറ പരിഗണനയിലാണ്. സ്കൂൾ അധികൃതരിൽനിന്ന് വിശദീകരണം തേടിയെന്ന് തഹസിൽദാറും വ്യക്തമാക്കിയിരുന്നു. മോഹൻ ഭാഗവത് പങ്കെടുത്ത ചടങ്ങിൽ ദേശീയഗാനത്തിനുപകരം വന്ദേമാതരമാണ് ആലപിച്ചത്. പിന്നീടാണ് ദേശീയഗാനം ആലപിച്ചത്. വ്യവസ്ഥ ലംഘിച്ചാണ് പതാക ഉയർത്തിയത്. തെറ്റ് ചൂണ്ടിക്കാട്ടിയപ്പോൾ പ്രധാനാധ്യാപകൻ വീണ്ടും പതാകയുയർത്തിയെങ്കിലും അപ്പോൾ ദേശീയഗാനമാലപിച്ചില്ലെന്ന് കലക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.