ദേശീയപാതവികസനം: നടപടികൾ വേഗത്തിലാക്കണം - - ജില്ല വികസനസമിതി യോഗം ദേശീയപാതവികസനം: നടപടികൾ വേഗത്തിലാക്കണം -ജില്ല വികസനസമിതി യോഗം കോഴിക്കോട്: ജില്ലയിലെ ദേശീയപാതവികസനം, പയ്യോളി- വടകര ദേശീയപാതയിലെ മൂരാട് പാലം വികസനം തുടങ്ങിയ പദ്ധതികൾക്ക് സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് കലക്ടർ യു.വി. ജോസിെൻറ അധ്യക്ഷതയിൽ ചേർന്ന ജില്ല വികസനസമിതി യോഗം ആവശ്യപ്പെട്ടു. മൂരാട് പുതിയ പാലം യാഥാർഥ്യമാക്കുന്നതിന് പൊതുമരാമത്ത്- റവന്യൂ വകുപ്പുകളുടെ നടപടികൾ സമാന്തരമായി പുരോഗമിക്കുന്നതായി ജില്ലകലക്ടർ അറിയിച്ചു. ദേശീയപാത വടകര- കൊയിലാണ്ടി പ്രധാന പാതയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഡിസംബറിനകം പൂർത്തിയാകുമെന്നും അദ്ദേഹം വിശദീകരിച്ചു. വളരെ അർഹതപ്പെട്ടവരെ റേഷൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് നടപടി വേണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലയിൽ 40,000 ത്തോളം അപേക്ഷകൾ മുൻഗണന പട്ടികയിൽ ചേർക്കുന്നതിന് ലഭിച്ചതായി ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. കല്ലായിപ്പുഴ നവീകരണവുമായി ബന്ധപ്പെട്ട് റവന്യൂഭൂമി തിട്ടപ്പെടുത്തി കല്ലിട്ടതായും നവീകരണത്തിനുള്ള മാസ്റ്റർ പ്ലാൻ സർക്കാറിന് സമർപ്പിക്കാനുണ്ടെന്നും കലക്ടർ അറിയിച്ചു. വടകര പൊലീസ് സ്റ്റേഷൻ പരിധിയിൽ പിടിച്ചിട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിന് അടിയന്തര നടപടി കൈക്കൊള്ളും. വടകര ഉൾപ്പെടെ ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷൻ പരിസരങ്ങളും വൃത്തിയാക്കിയതായി റൂറൽ ജില്ല പൊലീസ് മേധാവി അറിയിച്ചു. യോഗത്തിൽ എം.എൽ.എമാരായ സി.കെ. നാണു, കെ. ദാസൻ, വി.കെ.സി. മമ്മദ്കോയ, ജോർജ് എം. തോമസ്, പുരുഷൻ കടലുണ്ടി, എ. പ്രദീപ്കുമാർ, പി.ടി.എ. റഹീം, പാറക്കൽ അബ്ദുല്ല, എം.പി, എം.എൽ.എമാരുടെ പ്രതിനിധികൾ, നഗരസഭ അധ്യക്ഷന്മാർ, ജില്ല പ്ലാനിങ് ഓഫിസർ എം.എ. ഷീല, ജില്ലതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.