ഓണം--ബക്രീദ് വിപണന മേള 29 മുതൽ ഓണം--ബക്രീദ് വിപണന മേള 29 മുതൽ കോഴിക്കോട്: ഐ.ആർ.ഡി.പി-എസ്.ജി.എസ്.വൈ-കുടുംബശ്രീ ഓണം--ബക്രീദ് വിപണനമേള ചൊവ്വാഴ്ച മുതൽ സെപ്റ്റംബർ രണ്ടുവരെ കണ്ടംകുളം ജൂബിലി ഹാളിൽ നടക്കും. രാവിലെ 9.30ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം നിർവഹിക്കും. ജില്ലയിലെ 12 വികസന ബ്ലോക്കുകളിൽനിന്ന് വയനാട് ജില്ലയിലെ കൽപറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി, പനമരം വികസന ബ്ലോക്കുകളിൽനിന്നുള്ള ഉൽപന്നങ്ങളും സ്പെഷൽ എസ്.ജി.എസ്.വൈ പദ്ധതിയായ പേരാമ്പ്ര 'സുഭിക്ഷ'യുടെയും കുടുംബശ്രീയുടെയും ഉൽപന്നങ്ങളുമാണ് വിപണനമേളയിൽ എത്തുന്നത്. ജൂബിലി ഹാളിൽ ഒരുങ്ങുന്ന താൽക്കാലിക സ്റ്റാളുകൾക്കു പുറമെ തൃശ്ശൂരിലെ കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ക്ഷീരവികസന വകുപ്പ്, റൂറൽ സെൽഫ് എംപ്ലോയ്മെൻറ് െട്രയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുടെ സ്റ്റാളുകൾ ഈ വർഷത്തെ പ്രത്യേകതയാണ്. കൂടാതെ, ഓഫിസ്, കാൻറീൻ സംവിധാനവും ഒരുക്കുന്നുണ്ട്. പൊതുജനങ്ങൾക്കും 500-ൽ അധികം ഗ്രാമീണ സംരംഭകർക്കും വേണ്ട സൗകര്യങ്ങളും സേവനങ്ങളും നൽകുന്നതിനായി 200ലേറെ ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട്. മേളയോടനുബന്ധിച്ച് ദിവസവും വൈകീട്ട് നാടൻ കലാപരിപാടികൾ ഉണ്ടായിരിക്കും. കൃഷി വകുപ്പ് ഓണച്ചന്തകൾ തുറക്കുന്നു കോഴിക്കോട്: കൃഷി വകുപ്പ് ഹോർട്ടികോർപ്, വി.എഫ്.പി.സി.കെ എന്നിവ ചേർന്ന് സംസ്ഥാനത്തെങ്ങും ആഗസ്റ്റ് 30ന് ഓണച്ചന്തകൾ തുറക്കുന്നു. സെപ്റ്റംബർ മൂന്നുവരെയാണ് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപറേഷനുകൾ തോറും ചന്ത പ്രവർത്തിക്കുക. ഓണക്കാലത്ത് ഗുണമേന്മയുള്ള പച്ചക്കറികൾ ന്യായവിലക്ക് പൊതുജനത്തിന് നൽകുകയാണ് ഉദ്ദേശ്യം. കർഷകരിൽനിന്നു നേരിട്ട് വിഷമയമില്ലാത്ത നാടൻ പച്ചക്കറികൾ സംഭരിച്ചാണ് ഉപഭോക്താക്കളിൽ എത്തിക്കുന്നത്. നാടൻപഴം, പച്ചക്കറികൾ കൃഷിക്കാർക്ക് 10 മുതൽ 20 വരെ അധികവില നൽകി സംഭരിക്കുകയും അത് 10 മുതൽ 30 ശതമാനം വിലക്കുറവിൽ വിൽക്കുകയും ചെയ്യുന്നു. കോഴിക്കോട് ജില്ലയിൽ ഓണക്കാലത്ത് 110 ചന്തകളാണ് കൃഷിവകുപ്പ് ഹോർട്ടികോർപ്, വി.എഫ്.പി.സി.കെ എന്നിവർ ചേർന്നുനടത്തുന്നത്. ഓണം: പ്രത്യേക റേഷൻവിഹിതം ലഭിക്കും കോഴിക്കോട്: ജില്ലയിലെ മുൻഗണന, മുൻഗണനേതര, എ.എ.വൈ വിഭാഗങ്ങൾക്ക് ഓണം പ്രമാണിച്ച് റേഷൻകടകൾവഴി നിലവിൽ ലഭിക്കുന്ന റേഷൻവിഹിതത്തിനു പുറമെ പ്രത്യേകമായി അരി, ഗോതമ്പ് എന്നീ ഭക്ഷ്യധാന്യങ്ങളും പഞ്ചസാരയും സെപ്റ്റംബർ മൂന്ന് വരെ ലഭ്യമാകുന്നതാണെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. എ.എ.വൈ, മുൻഗണന വിഭാഗങ്ങൾക്ക് നിലവിൽ ലഭിക്കുന്ന വിഹിതത്തിനു പുറമെ കാർഡൊന്നിന് അഞ്ചു കിലോഗ്രാം അരി, ഗോതമ്പ് എന്നീ ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി ലഭിക്കും. മുൻഗണനേതര (സബ്സിഡി) വിഭാഗങ്ങൾക്ക് നിലവിൽ ലഭിക്കുന്ന വിഹിതത്തിനു പുറമെ കാർഡൊന്നിന് അഞ്ചു കിലോഗ്രാം ഭക്ഷ്യധാന്യം അരി കിലോഗ്രാമിന് രണ്ടു രൂപ നിരക്കിലും ആട്ട കിലോഗ്രാമിന് 15 രൂപ നിരക്കിലും, മുൻഗണനേതര (നോ സബ്സിഡി) വിഭാഗങ്ങൾക്ക് നിലവിലെ വിഹിതത്തിനു പുറമെ കാർഡൊന്നിന് അഞ്ചു കിലോഗ്രാം ഭക്ഷ്യധാന്യം അരി കിലോഗ്രാമിന് 8.90 രൂപ നിരക്കിലും ആട്ട കിലോഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും. കൂടാതെ, എല്ലാ വിഭാഗം കാർഡുടമകൾക്കും കാർഡൊന്നിന് ഒരു കിലോഗ്രാം സ്പെഷൽ പഞ്ചസാര 22 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. കോഴിക്കോട് ജില്ലയിൽ ഓണക്കാലത്ത് 110 ചന്തകളാണ് കൃഷി വകുപ്പ് ഹോർട്ടികോർപ്, വി.എഫ്.പി.സി.കെ എന്നിവർ ചേർന്നു നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.