മതിലുകെട്ടരുത്; മനസ്സുകളിലും മണ്ണിലും

കോഴിക്കോട്: നഗരത്തിലെ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഹൃദയഭൂമികയായ ടൗണ്‍ഹാളിനും ആര്‍ട്ട്ഗാലറിക്കുമിടയില്‍ ഇരുമ്പുവേലി തീര്‍ത്തതില്‍ കടുത്ത പ്രതിഷേധവുമായി സാംസ്‌കാരിക പ്രവര്‍ത്തകർ. 'മനസ്സുകള്‍ക്കിടയില്‍ മതിലുകള്‍ വേണ്ടെന്ന' ആശയമുയർത്തിപ്പിടിച്ചാണ് ഇവര്‍ ആർട്ട്ഗാലറിക്ക് സമീപം ഒത്തുചേര്‍ന്നത്. തുടര്‍ന്ന് ടൗണ്‍ഹാളിനും ക്രൗണ്‍ തിയറ്ററിനും ഇടയിലുള്ള പാത 'മാനവീയം സാംസ്‌കാരിക ഇടനാഴി'യായി പ്രഖ്യാപിച്ചു. വരയും പാട്ടും കൊട്ടുമായായാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. നേരത്തേ ഇവിടെ മതില്‍ കെട്ടുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മതില്‍ നിര്‍മാണം നിര്‍ത്തിവെച്ചെങ്കിലും ഇപ്പോള്‍ ഇരുമ്പുഗ്രില്ല് സ്ഥാപിച്ചിരിക്കുകയാണ്. മതില്‍ അനാവശ്യമാണെന്ന നിലപാടിലാണ് സാംസ്‌കാരിക പ്രവര്‍ത്തർ. ഇരുമ്പുകൊണ്ടുള്ള മതില്‍ കാഴ്ച മറയ്ക്കില്ലെന്നും ഗേറ്റുള്ളതിനാല്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്നതിന് തടസ്സമാകില്ലെന്നുമാണ് അധികൃതരുടെ നിലപാട്. വിജേഷി​െൻറ നേതൃത്വത്തിൽ പാട്ടും കൊട്ടും നടന്നു. നാടകകൃത്ത് സതീഷ് കെ. സതീഷ്, എ. രത്നാകരൻ, സന്തോഷ് പാലക്കട, ഗുലാബ് ജാൻ, അജയൻ കാരാടി, അനില്‍ തിരുവോത്ത്, ഷജില്‍കുമാര്‍, ഗണേഷ് ബാബു, പ്രവീണ്‍ രത്‌നാകരൻ, നവീന്‍രാജ്, വി. വിനോയ്, പ്രകാശന്‍ ചേവായൂർ, ഷാജി കല്ലായി, കെ.പി. നദീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൂട്ടായ്മക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിവിക് ചന്ദ്രനും എത്തി. ആർട്ട്ഗാലറിയിലെ മതിൽ; ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകർ അതൃപ്തിയിൽ കോഴിക്കോട്: നഗരത്തിലെ ആകെയുണ്ടായിരുന്ന സാംസ്കാരിക ഇടം മതിലുകെട്ടി വേർതിരിക്കുന്നതിൽ ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകർ കടുത്ത അതൃപ്തിയിൽ. ഇടതുപക്ഷം ഭരിക്കുന്ന കോർപറേഷൻ നേതൃത്വത്തോട് മതിലുകെട്ടരുതെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഈ ആവശ്യം അവഗണിക്കപ്പെട്ടതിൽ പലർക്കും നീരസമുണ്ട്. മതിൽ കെട്ടുന്നതിനെക്കുറിച്ച് ചർച്ചകളുയർന്നപ്പോഴും െകട്ടിത്തുടങ്ങിയപ്പോഴും തുടർന്നുമെല്ലാം പ്രതിഷേധവുമായി രംഗത്തുവന്നവരെല്ലാം ഇടതു ചിന്താഗതിയുള്ള എഴുത്തുകാരും ആർട്ടിസ്റ്റുകളും സാംസ്കാരിക പ്രവർത്തകരുമാണ്. പ്രമുഖ ചിത്രകാരൻ പോൾ കല്ലാനോട് ഉൾെപ്പടെയുള്ളവർ മതിൽ കെട്ടരുതെന്ന ആവശ്യവുമായി കോർപറേഷൻ മേയറെ സമീപിച്ചിരുന്നു. എന്നാൽ, ഇതെല്ലാം അവഗണിച്ചാണ് രണ്ടു കേന്ദ്രങ്ങൾക്കുമിടയിൽ പുതിയ ഇരുമ്പുവേലി പണിതത്. തൃശൂർ, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെല്ലാം സാംസ്കാരിക പ്രവർത്തകർക്കുമാത്രമായി ഇടമുണ്ടെങ്കിലും കോഴിക്കോട്ട് ഇവർക്കു സ്വന്തമെന്ന് പറയാനിടമില്ല. ആകെയുണ്ടായിരുന്ന ആർട്ട്ഗാലറി പരിസരത്താണ് ഇപ്പോൾ അനാവശ്യമായി മതിൽകെട്ടി വിഭജിച്ചത്. അടുത്തദിവസങ്ങളിലും കടുത്ത പ്രതിഷേധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവാനാണ് തീരുമാനമെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ പു.ക.സ ജില്ല ജോയിൻറ് സെക്രട്ടറി ഗുലാബ്ജാൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.