പേരാമ്പ്ര: ചക്കപ്പുഴുക്കും ചക്കക്കുരുകൊണ്ടുള്ള കറിയും മാത്രമാണ് നാട്ടിൻപുറങ്ങളിൽ ചക്കകൊണ്ട് ഉണ്ടാക്കുന്നത്. എന്നാൽ, ചക്കകൊണ്ടുണ്ടാക്കിയ ഐസ്ക്രീം, ജാം, പുട്ടുപൊടി, ബിസ്കറ്റ്, അച്ചാർ, പപ്പടം, ചിപ്സ് ഉൾപ്പെടെയുള്ള വിഭവങ്ങൾ കാണാനും വാങ്ങാനും പേരാമ്പ്രയിലെ കാർഷികമേളയിൽ എത്തിയാൽ മതി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ വിവിധയിനം വിത്തുകൾ, തൈകൾ, കാർഷികയന്ത്രങ്ങൾ, ജൈവവളങ്ങൾ, ഗ്രോ ബാഗ്, തേൻ തുടങ്ങിയവ ലഭിക്കും. പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തിൽ കാർഷിക വികസന, കാർഷികക്ഷേമ വകുപ്പ്, ആത്മ കോഴിക്കോട് എന്നിവ സംയുക്തമായാണ് മേള നടത്തുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി മേള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എ.സി. സതി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫിസർ ടി. ഗീത, കൃഷി ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ മജീദ്, പഞ്ചായത്ത് പ്രസിഡൻറുമാരായ പി.എം. കുഞ്ഞിക്കണ്ണൻ, കെ.എം. റീന, കെ.പി. ബിജു, എൻ. പത്മജ, കെ.കെ. ആയിഷ, കെ.പി. അസ്സൽകുട്ടി, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുജാത മനക്കൽ, ജില്ല പഞ്ചായത്ത് അംഗം എ.കെ. ബാലൻ എന്നിവർ സംസാരിച്ചു. പേരാമ്പ്ര കൃഷി അസി. ഡയറക്ടർ എ. പുഷ്പ സ്വാഗതവും നൊച്ചാട് കൃഷി ഓഫിസർ പി.ആർ. മനോജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.