ഗെയിൽ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തം; ഉണ്ണികുളത്ത് മരങ്ങള്‍ മുറിച്ചുമാറ്റാനാവാതെ ഉദ്യോഗസ്ഥര്‍ വീണ്ടും മടങ്ങി

ഇരകള്‍ക്ക് പിന്തുണയുമായി ഉണ്ണികുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ഇ.ടി. ബിനോയ്‌ രംഗത്ത് എകരൂൽ: എതിര്‍പ്പുകളെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഗെയില്‍ പ്രകൃതിവാതക പദ്ധതിയുടെ പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന ഉണ്ണികുളം പഞ്ചായത്തിലെ ശിവപുരം വില്ലേജില്‍പെട്ട കാപ്പിയില്‍ പ്രദേശത്ത് മരങ്ങള്‍ മുറിച്ചുമാറ്റാനെത്തിയ ഉദ്യോഗസ്ഥര്‍ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും മടങ്ങി. ഒരാഴ്ച മുമ്പ് മരങ്ങള്‍ മുറിച്ചുമാറ്റാനെത്തിയ ഉദ്യോഗസ്ഥരുമായി ഉണ്ണികുളം പഞ്ചായത്ത്‌ പ്രസിഡൻറ് ഇ.ടി. ബിനോയ്‌ നടത്തിയ ചര്‍ച്ചയില്‍ സർവേ നടത്തി ഏറ്റെടുക്കുന്ന ഭൂമിയുടെ വ്യക്തമായ രേഖകള്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അവ്യക്തമായ രേഖകളുമായി വന്‍ പൊലീസ് സന്നാഹത്തോടെയാണ് 20ഓളം ഗെയില്‍ ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച രാവിലെ കാപ്പിയില്‍ പ്രദേശത്ത് എത്തിയത്. വിവരമറിഞ്ഞ് സ്ത്രീകളടക്കമുള്ള നൂറോളം സ്ഥലമുടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇരകള്‍ക്ക് പിന്തുണയുമായി ഉണ്ണികുളം പഞ്ചായത്ത്‌ പ്രസിഡൻറ് ഇ.ടി. ബിനോയിയും എത്തിയിരുന്നു. സര്‍വേ നടത്തിയ ഭൂമിയുടെ സര്‍വേ നമ്പറടക്കമുള്ള രേഖകള്‍ കാണിക്കണമെന്ന ഇരകളുടെ ആവശ്യത്തിനു മുന്നില്‍ ഉദ്യോഗസ്ഥര്‍ കുഴങ്ങി. കൃത്യമായ സര്‍വേ നമ്പറുകളോടുകൂടിയ വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. ശരിയായ വിലാസമോ പേരുവിവരങ്ങളോ രേഖപ്പെടുത്താതെ തയാറാക്കിയ പട്ടിക ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറിനു മുന്നില്‍ ഹാജരാക്കിയിരുന്നെങ്കിലും വ്യക്തത വരുത്താന്‍ ഗെയില്‍ ഉദ്യോഗസ്ഥര്‍ക്കായില്ല. പദ്ധതി കടന്നുപോകുന്ന ഭൂമി ഏതെന്നറിയാതെ ഫൈനല്‍ നോട്ടിഫിക്കേഷന്‍ ഇറക്കിയതാണ് ഇപ്പോള്‍ ഗെയിലിന് പ്രതികൂലമായിരിക്കുന്നത്. ഒന്നും രണ്ടും നോട്ടിഫിക്കേഷന്‍ നടത്തുമ്പോള്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ വിവരങ്ങള്‍ മറച്ചുവെച്ചതും ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കുമെന്ന നേരത്തേയുള്ള പ്രഖ്യാപനം ലംഘിക്കപ്പെട്ടതും ചൂണ്ടിക്കാട്ടിയാണ് സ്ഥലമുടമകള്‍ ശക്തമായ പ്രതിരോധവുമായി രംഗത്തിറങ്ങിയത്. ബാലുശ്ശേരി, കാക്കൂര്‍, താമരശ്ശേരി പൊലീസ് സ്േറ്റഷനുകളില്‍നിന്നുള്ള എസ്.ഐമാരടക്കം വന്‍ പൊലീസ് സംഘവുമായാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ആരുടെയെല്ലാം എത്ര ഭൂമി, മുറിച്ചുമാറ്റേണ്ട മരങ്ങളുടെ എണ്ണം, ഏറ്റെടുത്തതി​െൻറ ആധികാരികമായ രേഖകള്‍ തുടങ്ങിയ കൃത്യമായ വിവരങ്ങള്‍ ഹാജരാക്കണമെന്ന പ്രസിഡൻറ് ഇ.ടി. ബിനോയിയുടെ ആവശ്യം ഗെയില്‍ ഉദ്യോഗസ്ഥര്‍ അംഗീകരിച്ചെങ്കിലും ഹാജരാക്കിയ സ്റ്റേറ്റ്മ​െൻറില്‍ വ്യക്തതയുണ്ടായിരുന്നില്ല. ഇതോടെ നടപടികള്‍ നിര്‍ത്തിവെച്ച് ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. കലക്ടറുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചക്കുശേഷം നടപടികള്‍ പുനരാരംഭിക്കാനാണ് തീരുമാനം. ഉടമകൾക്ക് വന്‍തുക നഷ്ടപരിഹാരം കിട്ടുമെന്ന് ധരിപ്പിച്ച് എതിര്‍പ്പില്ലാതെ മരം മുറിച്ചുമാറ്റുകയും പിന്നീട് യഥാര്‍ഥ എണ്ണംനോക്കി ചെറിയ തുക കണക്കാക്കുകയും ചെയ്യുക എന്ന തന്ത്രമാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നാണ് ഇരകളുടെ ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.