മത്സ്യസമ്പത്ത് വർധിപ്പിക്കാൻ സർക്കാർ 'കടൽ കൂട്' പദ്ധതി നടപ്പാക്കുന്നു

ബേപ്പൂർ: കടലിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾ ഇന്ധനത്തി​െൻറ കാശുപോലും കിട്ടാതെ തിരിച്ചുവരുന്ന സാഹചര്യത്തിൽ കൂട്ടുകൃഷി എന്ന ആശയവുമായി കേരള സർക്കാർ നൂതന പദ്ധതി ആവിഷ്കരിക്കുന്നു. മത്സ്യസമ്പത്തി​െൻറ വർധനക്കായി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന പദ്ധതിയാണിത്. മത്സ്യമേഖലയിൽ ഉപജീവനമാർഗം കണ്ടെത്തുന്നവർക്ക് വമ്പിച്ച അവസരമാണ് ഇതുമൂലം ഉണ്ടാവുകയെന്ന് പറയപ്പെടുന്നു. കടൽ കൂട് കൃഷി എന്ന പേരിലാണ് പദ്ധതി ആരംഭിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ തീരക്കടലിലാണ് കേരള ഫിഷറീസ് വകുപ്പ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. നെയ്മീൻ, നരിമീൻ, ചെമ്പല്ലി എന്നീ മത്സ്യങ്ങളാണ് കൃഷിയിലൂടെ ഉൽപാദിപ്പിക്കുന്നത്. നാലു കൂടുകൾ ഉൾപ്പെടുന്ന ഒരു യൂനിറ്റ് എന്ന നിലയിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ഇത്തരത്തിൽ 16 യൂനിറ്റിലാവും കൃഷി നടത്തുക. ഒരു യൂനിറ്റിൽനിന്ന് 20 ടൺ മത്സ്യം ഉൽപാദിപ്പിക്കാൻ ആകുമെന്നാണ് പ്രതീക്ഷ. ഈ മത്സ്യങ്ങൾക്ക് നിലവിൽ മാർക്കറ്റിൽ കിലോക്ക് 350- രൂപ വിലയുണ്ട്. സ​െൻറർ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടി​െൻറ (സി.എം.എഫ്.ആർ.ഐ) തമിഴ്നാട്ടിലെ മണ്ഡപത്തെ ഹാച്ചറിയിൽനിന്നും പോണ്ടിച്ചേരിയിലെ രാജീവ് ഗാന്ധി സ​െൻറർ ഫോർ അക്വാകൾചറി​െൻറ (ആർ.ജി.സി.എ) സിർക്കാഴി, പൊഴിയൂർ എന്നിവിടങ്ങളിലെ ഹാച്ചറികളിൽ നിന്നുമാണ് വിത്തുകൾ സംഭരിക്കുന്നത്. തീരക്കടലിൽ 10 മീറ്റർ വിസ്തൃതിയിലുള്ള നാലു കൂടുകൾ സ്ഥാപിച്ചാണ് കൃഷി നടത്തുക. തിരമാലയിൽപെട്ട് ഒലിച്ചുപോകാതിരിക്കാൻ ഭാരമുള്ള വടം കെട്ടിയാണ് (മൂറിങ്) കൂടുകൾ സ്ഥാപിക്കുക. കൂട് ഉൾപ്പെടെയുള്ള ഒരു യൂനിറ്റ് കൃഷിക്ക് 82 ലക്ഷം രൂപ ചെലവുവരും. ഇതിൽ 10 ശതമാനം മാത്രമാണ് ഗുണഭോക്തൃ വിഹിതം. സിർക്കാഴിയിലുള്ള രാജീവ് ഗാന്ധി സ​െൻറർ ഫോർ അക്വാകൾചറി​െൻറ (ആർ.ജി.സി.എ) സഹകരണത്തോടെ അടുത്തിടെ വിഴിഞ്ഞത്തിനു സമീപം അടിമലത്തുറയിൽ നടത്തിയ പരീക്ഷണം വൻ വിജയമായിരുന്നു. തദ്ദേശ തൊഴിലാളികളുടെ പങ്കാളിത്തത്തോടെയാണ് ഇവിടെ കൃഷിചെയ്തത്. തിരുവനന്തപുരം അടിമലത്തുറയിലും കൊല്ലത്ത് തങ്കശ്ശേരി, ആലപ്പുഴയിൽ അന്ധകാരനഴി, എറണാകുളത്ത് പുതുവൈപ്പിൻ എന്നീ സ്ഥലങ്ങളാണ് ഫിഷറീസ് വകുപ്പ് കൃഷി നടത്താൻ ഉദേശിക്കുന്നത്. മലപ്പുറത്ത് താനൂരും കോഴിക്കോട് വെള്ളാങ്കല്ലൂർ, കണ്ണൂരിൽ ഏഴിമല എന്നീ സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്. അഡാക്ക് (ഏജൻസി ഫോർ ഡെവലപ്മ​െൻറ് ഓഫ് അക്വാകൾചർ), മത്സ്യത്തൊഴിലാളി ഗ്രൂപ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. മൺസൂൺ സീസണിലെ കടൽക്ഷോഭത്തിനുമുമ്പ് വിളവെടുക്കുക എന്ന ലക്ഷ്യത്തോടെ െസപ്റ്റംബറിൽ കൃഷി ആരംഭിക്കും. വിളവെടുപ്പ് മേയിൽ നടത്താനാണ് പരിപാടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.