പ്രഖ്യാപനങ്ങൾക്കു മുന്നിൽ ചോദ്യചിഹ്നമായി കുറുമണി കോളനി * അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല പടിഞ്ഞാറത്തറ: നല്ല വീടില്ല, വൈദ്യുതിയില്ല, കക്കൂസില്ല, കുടിവെള്ളമില്ല... അങ്ങനെ നീളും, കുപ്പാടിത്തറ കുറുമണി വരടിയാടുമ്മല്‍ പണിയ കോളനി നിവാസികളുടെ ദുരിതങ്ങളുടെ പട്ടിക. അടിസ്ഥാന സൗകര്യങ്ങൾ ഒന്നു പോലുമില്ലാതെ ഇവർ ദുരിതക്കയത്തിലാണ്. നാൽപതോളം കുടുംബങ്ങളിലായി 230 പേരാണ് കോളനിയിൽ പ്രാഥമിക സൗകര്യങ്ങളില്ലാതെ കഴിയുന്നത്. കോളനിയിലുള്ള 27 വീടുകളും മഴയില്‍ ചോര്‍ന്നൊലിക്കുന്നു. കോളനിയിലെ ഗോപാലനും ഭാര്യ സിജിയും ഒന്നര വയസ്സുള്ള കൈക്കുഞ്ഞും കഴിഞ്ഞ രണ്ടു മാസത്തോളമായി താമസിക്കുന്നത് പ്ലാസ്റ്റിക്കുകള്‍കൊണ്ട് മൂടിയ കൂരക്കുള്ളിലാണ്. ഇവരുടെ വീടിെൻറ പണി പൂര്‍ത്തിയാക്കിയതായി കാണിച്ച് കരാറുകാരന്‍ രണ്ടു വര്‍ഷം മുമ്പ് മുഴുവന്‍ പണവും വാങ്ങിയിരുന്നു. കോളനിയിലെ ശാന്തയുടെ വീടിെൻറ അടുക്കളയില്‍ ചാറ്റല്‍മഴയില്‍പോലും വെള്ളം ഇറ്റുവീഴും. വീട് തേക്കാതെയും ജനലുകള്‍ ഘടിപ്പിക്കാതെയും വൈദ്യുതി എത്തിക്കാതെയുമാണ് കരാറുകാരന്‍ പണി ഉപേക്ഷിച്ചു പോയത്. ഇത്തരത്തില്‍ മുന്നു വീടുകളാണ് കോളനിയിലുള്ളത്. കേരളം സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും കോളനിയിലെ 14 വീടുകളില്‍ ഇനിയും വൈദ്യുതി എത്തിയിട്ടില്ല. കോളനിയിലെ തൊട്ടടുത്ത വീടുകളില്‍ വൈദ്യുതി ലഭിച്ചിട്ടും വൈദ്യുതി ലഭിക്കാത്തവര്‍ക്ക് എത്തിക്കാന്‍ പഞ്ചായത്തോ കെ.എസ്.ഇ.ബിയോ തയാറായിട്ടില്ല. 2016 നവംബറില്‍ സമ്പൂര്‍ണ വെളിയിട വിസർജന വിമുക്ത ജില്ലയായി വയനാട് പ്രഖ്യാപിക്കപ്പെട്ടെങ്കിലും കോളനിയില്‍ ആകെ അഞ്ച് വീടുകള്‍ക്ക് മാത്രമാണ് കക്കൂസുകളുള്ളത്. ബാക്കിയുള്ള കുടുംബങ്ങള്‍ വെളിയിടങ്ങൾതന്നെയാണ് പ്രാഥമികാവശ്യങ്ങള്‍ക്ക് ആശ്രയിക്കുന്നത്. ഗ്രാമപഞ്ചായത്തില്‍ കക്കൂസുകളില്ലാത്തവരുടെ പട്ടിക തയാറാക്കി നടപ്പാക്കിയ പദ്ധതിയില്‍ കോളനിയിലെ ഒരാളെപോലും ഉള്‍പ്പെടുത്തിയിരുന്നില്ല. കോളനിയിലെ കുട്ടപ്പന്‍, തങ്കമണി, മണി, ഗോപാലന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് വര്‍ഷങ്ങളായി റേഷന്‍ കാര്‍ഡ് ലഭിച്ചിട്ടില്ല. വറുതി നാളുകളില്‍ സൗജന്യ റേഷനും ഓണക്കിറ്റും ഉൾപ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഈ കുടുംബങ്ങള്‍ക്ക് ലഭിക്കാറില്ല. കനത്ത മഴയില്‍പോലും കുടിവെള്ളത്തിനായി കോളനിയില്‍നിന്ന് 300 മീറ്റര്‍ മാറിയുള്ള എസ്.എ.എല്‍.പി സ്‌കൂള്‍ കിണറ്റില്‍നിന്ന് വെള്ളം ചുമന്നെത്തിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. കോളനിയില്‍ ഇതിനോടകം മൂന്നു കിണറുകള്‍ കുഴിച്ചെങ്കിലും രണ്ടു വര്‍ഷത്തോളമായി കിണറ്റില്‍ വെള്ളമില്ല. കുഴിച്ച കിണറിെൻറ അടിഭാഗം കൂടുതല്‍ കുഴിച്ച് വെള്ളം കണ്ടെത്താനോ മറ്റുവിധത്തില്‍ വെള്ളമെത്തിക്കാനോ ത്രിതല പഞ്ചായത്തുകള്‍ ശ്രമം നടത്തിയിട്ടുമില്ല. കഴിഞ്ഞ വേനലില്‍ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാനായി ജില്ല ഭരണകൂടം സ്ഥാപിച്ച 10,000 ലിറ്റര്‍ വെള്ള ടാങ്ക് നോക്കുകുത്തിയായി കോളനിക്ക് മുന്നിലുണ്ട്. രണ്ടാഴ്ച മാത്രമാണ് ടാങ്കില്‍ വാഹനത്തില്‍ വെള്ളമെത്തിച്ചതെന്ന് കോളനിവാസികള്‍ പറയുന്നു. വെള്ളത്തിെൻറ ദൗര്‍ലഭ്യത കാരണം കുട്ടികള്‍ക്ക് കുളിക്കാനും അലക്കാനും വെള്ളമില്ലാത്തതിനാല്‍ സ്‌കൂളില്‍ പറഞ്ഞുവിടാന്‍ കഴിയാറില്ലെന്നാണ് കോളനിയിലെ വീട്ടമ്മമാര്‍ പറയുന്നത്. മുപ്പതോളം കുട്ടികള്‍ പ്രൈമറി തലത്തില്‍ പഠിക്കുന്നവരായിട്ടുണ്ടെങ്കിലും ഭൂരിഭാഗവും മീറ്ററുകള്‍ക്കപ്പുറത്തുള്ള വിദ്യാലയത്തിലേക്ക് പോകാറില്ല. ദുരിതങ്ങളുടെ പട്ടിക നീളമേറിയതാണെങ്കിലും ട്രൈബല്‍ വകുപ്പ് എല്ലാ സഹായങ്ങളും നല്‍കുന്നതായാണ് വിശദീകരിക്കുന്നത്. SATWDL22 കുറുമണി കോളനിയിലെ ഗോപാലെൻറ കുടുംബം കൂരക്ക് മുന്നിൽ SATWDL23 കോളനിയിലേക്ക് വെള്ളം ചുമന്നുകൊണ്ടുപോകുന്നു ചക്ക സംസ്കരണ മെഷിനറി മത്സരത്തിൽ മീനങ്ങാടി സ്കൂളിന് ഒന്നാം സ്ഥാനം മീനങ്ങാടി: അമ്പലവയൽ മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടന്ന അന്താരാഷ്ട്ര ചക്ക മഹോത്സവത്തിലെ ചെറുകിട ചക്കസംസ്കരണ മെഷിനറികളുടെ മത്സരത്തിൽ മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ പി.എസ്. സാഗാ, എം.എസ്. സുധിൻ, ഇവ്ലിൻ മരിയ, അനുബേബി, ആഷ്ലിൻ അജി എന്നിവരുടെ ടീം ഒന്നാം സമ്മാനം നേടി. ചക്ക എളുപ്പത്തിൽ മുറിച്ച് പാകപ്പെടുത്തുന്നതിനും ചക്കക്കുരുവിെൻറ പുറംപാട എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനും ഇവർ തയാറാക്കിയ ലഘുയന്ത്രങ്ങൾ വിദേശ രാജ്യങ്ങളിൽനിന്നെത്തിയ അതിഥികളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. സ്കൂൾ അധ്യാപകരായ പി.ടി. സജീവൻ, ടി.ജി. സജി എന്നിവരാണ് വിദ്യാർഥികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകിയത്. സമ്മാനാർഹരായ വിദ്യാർഥികളെ സ്കൂൾ പി.ടി.എയും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു. പ്രിൻസിപ്പൽ സി.കെ. ഷാജി, പി.ടി.എ പ്രസിഡൻറ് ടി.എം. ഹൈറുദ്ദീൻ, എസ്.എം.സി ചെയർമാൻ മനോജ് ചന്ദനക്കാവ്, അധ്യാപകരായ എം.കെ. ഷിവി, പി.ടി. ജോസ് എന്നിവർ സംസാരിച്ചു. SATWDL24 ചക്ക സംസ്കരണ മെഷിനറി നിർമാണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മീനങ്ങാടി ഗവ. എച്ച്.എസ്.എസിലെ വിദ്യാർഥികൾ അധ്യാപകർക്കൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.