കക്കോടി: കൃഷിവകുപ്പ് മുഖേന സംഭരിച്ച പച്ചത്തേങ്ങ കൊപ്രയായി തിരിച്ചുകിട്ടാതെ കോടികളുടെ നഷ്ടം സംഭവിച്ച ക്രമക്കേടിൽ കേരഫെഡ് നിയമ നടപടിക്ക്. പച്ചത്തേങ്ങ സംഭരിക്കാൻ പണം നൽകി ഒരുവർഷം കഴിഞ്ഞിട്ടും കേരഫെഡിന് 30 കോടിയോളം രൂപയുടെ കൊപ്ര തിരിച്ചുകിട്ടാത്തത് 'മാധ്യമം' വാർത്തയാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ഏഴുപേരടങ്ങുന്ന എക്സിക്യൂട്ടിവ് കമ്മിറ്റിയിലാണ് കേരഫെഡിന് കോടികൾ നഷ്ടം സംഭവിച്ചത് അന്വേഷിക്കാനും സർക്കാർ നടപടിക്കും ആവശ്യമുയർന്നത്. 23ന് കേരഫെഡിെൻറ 18 പേരടങ്ങുന്ന ഫുൾബോർഡ് വിളിച്ചുചേർക്കാനും എക്സിക്യൂട്ടിവ് തീരുമാനിച്ചു. അഗ്രികൾചറൽ സെക്രട്ടറി മുഖാന്തരം സർക്കാറിനെക്കൊണ്ട് കേസ് നടപടികളിലേക്ക് നീങ്ങാൻ ശിപാർശ ചെയ്യാനാണ് കേരഫെഡ് നീക്കം. നഷ്ടം സംബന്ധിച്ച കണക്ക് രണ്ടുമാസമേയായിട്ടുള്ളൂ കേരഫെഡ് അറിഞ്ഞിട്ട്. എല്ലാ ജില്ല ഉദ്യോഗസ്ഥരിൽനിന്നും കണക്കെടുപ്പ് നടത്താനും തീരുമാനമായി. ഡെപ്യൂേട്ടഷനിൽ എത്തിയ കൃഷിവകുപ്പിലെ ചില ഉദ്യോഗസ്ഥരാണ് അഴിമതിക്ക് കളമൊരുക്കിയതെത്ര. കേരഫെഡിലെ ഉന്നതരായ പല ഉദ്യോഗസ്ഥർക്കും ക്രമക്കേടുകളെക്കുറിച്ച് അറിയാമായിരുന്നുവെങ്കിലും പ്രതികാരനടപടികൾ ഭയന്ന് പുറത്തുപറയാതിരിക്കുകയായിരുന്നു. കേരഫെഡിലെ തന്നെ പ്രതികരിക്കുന്ന ഉദ്യോഗസ്ഥരെയെല്ലാം മാറ്റിനിർത്തിയായിരുന്നു ഒത്തുകളി. പല വ്യാപാരികളും കുടുംബശ്രീകളുമാണ് കൊപ്ര നൽകാതെ കേരഫെഡിനെ വഞ്ചിച്ചിരിക്കുന്നത്. സാമാന്യബുദ്ധിക്ക് നിരക്കാത്ത രീതിയിലാണ് കാര്യങ്ങളുടെ കിടപ്പെന്ന് കേരഫെഡിെൻറ ഉന്നതർതന്നെ പറയുന്നു. കോടികളുടെ നഷ്ടം സംഭവിച്ചതിനാൽ കേരഫെഡ് ജീവനക്കാർക്ക് ഇൻക്രിമെൻറ് പോലുമില്ലാതായി. ഒന്നര വർഷമായി ഒരാനുകൂല്യവും ജീവനക്കാർക്ക് ലഭിക്കുന്നില്ലത്രേ. ശമ്പളം െകാടുക്കാൻപോലും പ്രയാസപ്പെടുകയാണ് കേരഫെഡ്. ഇതുമൂലം കഴിഞ്ഞ ഒക്ടോബർ മുതൽ കൃഷിഭവൻ മുഖാന്തരമുള്ള പച്ചത്തേങ്ങ സംഭരണം നിർത്തുകയും ഇപ്പോൾ വൻ വിലകൊടുത്ത് വ്യാപാരികളിൽനിന്നും മറ്റുമായി കേരഫെഡ് കൊപ്ര സംഭരിക്കുകയുമാണ്. ഇതോടെ കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യം നഷ്ടമാകുകയും ചെയ്തു. ഒാണക്കാലത്ത് സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകുന്നതിന് 28 കോടിയോളം രൂപയുടെ ഒാർഡർ ലഭിച്ചിട്ടുണ്ട്. നാളികേര കർഷകരെ സഹായിക്കാതെ ലാഭം മുഴുവനും വ്യാപാരികൾ തട്ടിയെടുക്കുന്നതിനു പിന്നിൽ വൻ അഴിമതിയുണ്ടെന്നാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്. എ. ബിജുനാഥ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.