പേരാമ്പ്ര: കോട്ടൂർ പഞ്ചായത്തിലെ ഈ വർഷത്തെ മികച്ച ജൈവ കർഷകയായി ആശാവർക്കർ നരയംകുളത്തെ തണ്ടപ്പുറത്തുമ്മൽ ഉഷയെ (48) തെരഞ്ഞെടുത്തു. പുരയിടത്തിൽ കരനെൽകൃഷി ഉൾപ്പെടെ നടത്തിയാണ് ഉഷ മികച്ച കർഷകക്കുള്ള അംഗീകാരം നേടിയെടുത്തത്. രണ്ടിടത്തായി അരയേക്കറോളം സ്ഥലത്താണ് നെൽകൃഷിയുള്ളത്. വിവിധ തരം ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞൾ, ഉൾപ്പെടെയുള്ള ഇടവിളകൃഷിയും നല്ല നിലയിൽ നടത്തുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷിയും നടത്തിയിരുന്നു. ചാണകം, വേപ്പിൻ പിണ്ണാക്ക് ഉൾപ്പെടെയുള്ള വളങ്ങളാണ് ഉപയോഗിക്കുന്നത്. മത്തിയും ശർക്കരയും ഉപയോഗിച്ചുണ്ടാക്കുന്ന ഫിഷ് അമിനോ ആസിഡ്, കോഴിമുട്ടയും ചെറുനാരങ്ങയും ഉപയോഗിച്ചുണ്ടാക്കുന്ന എഗ് അമിനോ ആസിഡ് എന്നിവയാണ് കീടനാശിനിയായി ഉപയോഗിക്കുന്നത്. കൃഷിഭവനിൽനിന്നാണ് നെൽവിത്ത് ലഭിച്ചത്. പൊലീസ് സബ് ഇൻസ്പെക്ടറായി വിരമിച്ച ഭർത്താവ് ടി.പി. രവീന്ദ്രൻ കാർഷികവൃത്തിയിൽ ഉഷയെ സഹായിക്കുന്നുണ്ട്. ജൈവകർഷകൻ എ. ദിവാകരൻ നായരാണ് മാർഗനിർദേശം നൽകുന്നത്. ആരോഗ്യപ്രവർത്തനത്തോടൊപ്പം പൊതുപ്രവർത്തക കൂടിയായ ഇവർ മിച്ചം വരുന്ന സമയത്താണ് കൃഷിയിലേർപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.