മാവോവാദികളുടെ പേരിൽ കവർച്ച; വീട്ടമ്മയുടെ മാലയും കമ്മലും നഷ്​ടപ്പെട്ടു

പനമരം: ടൗണിൽനിന്ന് നാലു കിലോമീറ്റർ അകലെ പരിയാരത്ത് മാവോവാദികളുടെ പേരിൽ കവർച്ച. വീട്ടമ്മയുടെ ഒരു പവ​െൻറ മാലയും അര പവ​െൻറ കമ്മലും ഒരു എയർഗണ്ണും നഷ്ടപ്പെട്ടു. അതേസമയം, കവർച്ച നടത്തിയത് മാവോവാദികളാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് പനമരം പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെ പനമരം പരിയാരം പത്മനാഭൻ നമ്പ്യാരുടെ വീട്ടിലാണ് കവർച്ച നടന്നത്. നമ്പ്യാരുടെ ഭാര്യ രാധ നമ്പ്യാർ പൂച്ചയുടെ കരച്ചിൽ കേട്ട് അടുക്കള വാതിൽ തുറന്നപ്പോൾ കവർച്ചക്കാർ അകത്തു കയറുകയായിരുന്നു. നിക്കറും ബനിയനും മങ്കി ക്യാപ്പും ധരിച്ച മൂന്ന് യുവാക്കളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. രാധനമ്പ്യാരെ കത്തികാണിച്ച് പേടിപ്പിച്ച് മാലയും വളയും ഉൗരി വാങ്ങി. പിന്നീട് പണം ആവശ്യപ്പെട്ടു. പണമൊന്നും ഇല്ലെന്ന് പറഞ്ഞതോടെ മർദിച്ച് നിലത്തിട്ടു. പിന്നീട് രണ്ടുപേർ വീടി​െൻറ വിവിധ മുറികളിൽ തിരച്ചിൽ നടത്തി. അലമാരയും മറ്റും അരിച്ചു പെറുക്കിയിട്ടും ഒന്നും ലഭിച്ചില്ല. തങ്ങൾ മാവോയിസ്റ്റുകളാണെന്നും ഉള്ളവനിൽനിന്നും വാങ്ങി പാവങ്ങൾക്ക് കൊടുക്കുകയാണ് ലക്ഷ്യമെന്നും അതിനാൽ പണം കിട്ടിയേ തീരു എന്നും കവർച്ചക്കാർ പറഞ്ഞു. പണം വീട്ടിൽ വെക്കാറില്ലെന്ന് വ്യക്തമാക്കിയതോടെ തോക്ക് ഉണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോൾ എടുത്തു കൊണ്ടുവരാൻ പറഞ്ഞു. മുകൾനിലയിൽ ഭർത്താവി​െൻറ പക്കലാണ് തോക്കുള്ളതെന്ന് പറഞ്ഞതോടെ ആ ആവശ്യം ഉപേക്ഷിച്ചു. പിന്നീട് അരി, പാത്രങ്ങൾ എന്നിവയൊക്കെ ആവശ്യപ്പെട്ടു. ഇതിനിടയിൽ അടുക്കളക്കടുത്തെ മുറിയിൽ സൂക്ഷിച്ചിരുന്ന എയർഗൺ ശ്രദ്ധയിൽപ്പെട്ടു. ഒരാൾ അതും എടുത്തു. ഇതിനിടയിലാണ് മുകൾ നിലയിൽനിന്ന് പത്മനാഭൻ നമ്പ്യാർ ഭാര്യയെ വിളിച്ചത്. ഇതോടെ മൂന്ന് യുവാക്കളും വേഗം സ്ഥലം വിടുകയായിരുന്നു. ഒന്നര മണിക്കൂറോളമാണ് യുവാക്കൾ വീട്ടിൽ തങ്ങിയത്. ഒറ്റപ്പെട്ട വലിയ വീട്ടിൽ പത്മനാഭൻ നമ്പ്യാരും ഭാര്യയും മകനുമാണ് താമസം. സംഭവം നടക്കുമ്പോൾ മകൻ സ്ഥലത്തുണ്ടായിരുന്നില്ല. മീനങ്ങാടി സി.ഐ എം.വി. പളനി, പനമരം എസ്.ഐ എം.വി. പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കവർച്ചക്കാർ കേസ് വഴിതിരിച്ചു വിടാൻ മനഃപൂർവം മാവോയിസ്റ്റുകളാണെന്ന് പറഞ്ഞതായിരിക്കാനാണ് സാധ്യതയെന്ന് പനമരം എസ്.ഐ 'മാധ്യമ'ത്തോട് പറഞ്ഞു. ഒരാഴ്ചമുമ്പ് പരിയാരത്തിനടുത്തെ പുഞ്ചവയലിൽ പീടിക കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. മോഷ്ടാക്കളുടെ ചിത്രം കടയിലെ സിസി ടി.വിയിൽ ലഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.