പകരം സർവിസിന് പഴയ ബസ് ഉപയോഗിക്കുന്നത് തടയാനാവില്ല -ഹൈകോടതി കൊച്ചി: സാധുവായ പെർമിറ്റുള്ള പക്ഷം നിലവിലെ ബസ് മാറ്റി പകരം യാത്രയോഗ്യമായ പഴയ ബസ് ഉപയോഗിച്ച് സർവിസ് തുടരുന്നതിന് നിയമപരമായി തടസ്സമില്ലെന്ന് ൈഹകോടതി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ ആർ.ടി.എയുടെ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്. നിലവിൽ സർവിസ് നടത്തുന്ന ബസ് മാറ്റി പത്തുവർഷം പഴക്കമുള്ള മറ്റൊരു ബസ് ഉപയോഗിച്ച് സർവിസ് നടത്താൻ അനുമതി തേടി ആലുവ എടത്തല സ്വദേശി ഷാജു നൽകിയ അപേക്ഷ എറണാകുളം ആർ.ടി.എ തള്ളിയിരുന്നു. ഇതിനെതിരായ ഹരജിയിൽ അപേക്ഷ പരിഗണിച്ച് അനുമതി നൽകാൻ ജൂൺ 13ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. തുടർന്നാണ് ആർ.ടി.എ അപ്പീൽ നൽകിയത്. ഇത്തരം അപേക്ഷകളിൽ പ്രതികൂല തീരുമാനമെടുക്കാനുള്ള അധികാരം ആർ.ടി.എക്കുണ്ടെന്നും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് അപേക്ഷ നിരസിച്ചതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ. എന്നാൽ, ബസിെൻറ പഴക്കമല്ല, എത്രത്തോളം യാത്രയോഗ്യമാണെന്നതാണ് പരിശോധിക്കേണ്ടതെന്നും റോഡിൽ സുരക്ഷിതമായി സർവിസ് നടത്താൻ കഴിയുന്ന ബസാണെങ്കിൽ അനുമതി നൽകുന്നതിന് തടസ്സമില്ലെന്നുമുള്ള സിംഗിൾ ബെഞ്ചിെൻറ നിലപാട് ഡിവിഷൻ ബെഞ്ചും ആവർത്തിച്ചു. ഒരു വാഹനത്തിനു പകരം അതേ തരത്തിലുള്ള മറ്റൊരു വാഹനം സർവിസ് നടത്താൻ ഉപയോഗിക്കാമെന്ന് നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഒാടുന്നതിന് പകരം ഗതാഗത യോഗ്യമായ പഴയ വാഹനം നിരത്തിലിറക്കിയാൽ സുരക്ഷ പ്രശ്നമുണ്ടാക്കുന്നതെങ്ങനെയെന്ന് വ്യക്തമല്ല. യാത്രയോഗ്യമാണോയെന്നതാണ് പരിഗണിക്കേണ്ടതെന്നും പഴയ വാഹനം പാടില്ലെന്ന് നിയമത്തിൽ പറയുന്നില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. നിയമത്തിനനുസൃതമല്ലാത്ത ചട്ടം ബാധകമാക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി അപ്പീൽ തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.