പേരാമ്പ്ര എസ്​റ്റേറ്റിൽ കാട്ടാന ഇറങ്ങി; തൊഴിലാളികൾ പ്ലാ​േൻറഷൻ കോർപറേഷൻ ഓഫിസ് ഉപരോധിച്ചു

പേരാമ്പ്ര: മുതുകാട്ടെ പേരാമ്പ്ര പ്ലാേൻറഷൻ കോർപറേഷൻ എസ്റ്റേറ്റിൽ കാട്ടാനകളുടെ ശല്യം രൂക്ഷമായി. വ്യാഴാഴ്ച രാവിലെ റബർ ടാപ്പിങ്ങിനിറങ്ങിയ തൊഴിലാളികൾ ആനയുടെ മുന്നിൽനിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ആനകളെ കണ്ടു ഭയന്നോടി വീണു പരിക്കേറ്റ വനിത തൊഴിലാളി സിനി ജോസഫി (34)ന് എസ്റ്റേറ്റ് ആശുപത്രിയിൽ ചികിത്സ നൽകി. സംഭവത്തിൽ ക്ഷുഭിതരായ തൊഴിലാളികൾ പണിമുടക്കി എസ്റ്റേറ്റ് ഓഫിസ് ഉപരോധിച്ചു. ചക്കിട്ടപാറ പഞ്ചായത്തിലാണ് പേരാമ്പ്ര എസ്റ്റേറ്റ്. ഏറെ നാളുകളായി ഇവിടെ കാട്ടാനകൾ ശല്യം തുടരുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിൽ എസ്റ്റേറ്റ് മാനേജ്മ​െൻറ് തികഞ്ഞ അലംഭാവമാണ് പുലർത്തുന്നതെന്ന ആരോപണം മുമ്പേയുണ്ട്. സംഭവം ഗൗരവത്തോടെ മാനേജ്മ​െൻറിനെ അറിയിക്കാൻ തൊഴിലാളി യൂനിയൻ നേതാക്കൾ തയാറാകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. പെരുവണ്ണാമൂഴി ഡാം റിസർവോയറിൽ കൂടി തോണിയിലും മറ്റുമായാണ് പുലർച്ചെ വനിതകൾ അടക്കമുള്ള ടാപ്പിങ് തൊഴിലാളികൾ എസ്റ്റേറ്റിലെത്തുന്നത്. ഇവരും റോഡ് മാർഗമെത്തുന്നവരും ആനയെ ഭയന്നാണ് യാത്ര ചെയ്യുന്നത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ചിൽപെട്ട ഭാഗമാണ് പേരാമ്പ്ര എസ്റ്റേറ്റ്. പ്രശ്നം ചർച്ച ചെയ്യാനായി ബന്ധപ്പെട്ടവരുടെ യോഗം വെള്ളിയാഴ്ച ഉച്ചക്ക് എസ്റ്റേറ്റ് മാനേജ്മ​െൻറ് വിളിച്ചതായി ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.