തിരുവമ്പാടി: കോഴിക്കോട്-, മലപ്പുറം ജില്ല അതിർത്തിയായ കക്കാടംപൊയിലിൽ പി.വി. അൻവർ എം.എൽ.എയുടെ വാട്ടർ തീം പാർക്കിന് അനുമതി നൽകിയതിൽ വിവിധ വകുപ്പുകൾ പ്രതിക്കൂട്ടിൽ. പരിസ്ഥിതിലോല മേഖലയിലെ നിർമാണ പ്രവൃത്തിക്ക് വനം, പരിസ്ഥിതി, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ മൗനാനുവാദം നൽകുകയായിരുന്നു. പ്രവൃത്തിയുടെ ഭാഗമായി കുന്നിടിക്കലും പ്രകൃതി നശീകരണവും നടക്കുന്നത് വില്ലേജ്, ഗ്രാമപഞ്ചായത്ത് അധികൃതർ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി, മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തുകളിലാണ് വാട്ടർ തീം പാർക്കും അനുബന്ധ സംവിധാനങ്ങളും പ്രവർത്തിക്കുന്നത്. സമുദ്രനിരപ്പിൽനിന്നും രണ്ടായിരം അടിയോളം ഉയരമുള്ള പശ്ചിമഘട്ടമലനിരകളുടെ ഭാഗമാണ് കക്കാടംപൊയിൽ. ഇവിടെയാണ് വെള്ളം കെട്ടിനിർത്തിയ ചെറുകുളങ്ങളോടുകൂടിയ വാട്ടർ തീം പാർക്ക് പ്രവർത്തിക്കുന്നത്. കീഴ്ക്കാംതൂക്കായ സ്വാഭാവിക കുന്ന് തകിടംമറിച്ചായിരുന്നു വാട്ടർ തീം പാർക്ക് നിർമാണം. 2016 നവംബർ ഒന്നിനാണ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാട്ടർ തീം പാർക്കിന് താൽക്കാലികാനുമതി നൽകിയത്. ഇതിന് മുമ്പു തന്നെ ടിക്കറ്റ് കൗണ്ടർ സ്ഥാപിച്ച് പ്രവേശനം നൽകിയിരുന്നു. അനുമതിയില്ലാതെ ഹോട്ടലും പ്രവർത്തിച്ച് തുടങ്ങി. വെള്ളം അനുമതിയില്ലാതെ പമ്പ് ചെയ്ത് പാർക്കിലെ കുളങ്ങൾ നിറച്ചതായി ഗ്രാമപഞ്ചായത്തുതന്നെ സമ്മതിക്കുന്നുണ്ട്. പാർക്കിന് അനുമതി നൽകും മുമ്പ് ടിക്കറ്റിൽ ആളുകൾക്ക് പ്രവേശനാനുമതി നൽകിയതിനെതിരെ 5000 രൂപ ഗ്രാമപഞ്ചായത്ത് പിഴ ഈടാക്കിയിരുന്നു. അനധികൃതമായി ഹോട്ടൽ പ്രവർത്തിപ്പിച്ചതിനെതിരെ 5000 രൂപയും പിഴ ചുമത്തി. പീന്നീട്, ഹോട്ടലിനും വെള്ളം പമ്പിങ്ങിനും പഞ്ചായത്ത് അനുമതി നൽകുകയായിരുന്നു. കഴിഞ്ഞ ജൂൺ 16നാണ് പാർക്കിന് ഗ്രാമപഞ്ചായത്ത് പ്രവർത്തനാനുമതി നൽകിയത്. മലിനീകരണ നിയന്ത്രണബോർഡിെൻറ അനുമതിക്കുള്ള പരിശോധനകൾ നടന്നില്ലെന്നും ആക്ഷേപമുണ്ട്. പാർക്കിൽ സുരക്ഷ ക്രമീകരണങ്ങൾ ഒന്നുമില്ലെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. കൺെവൻഷൻ ഹാളിന് മാത്രമേ അഗ്നിശമന സേനയുടെ അനുമതിയുള്ളൂ. വാട്ടർ തീം പാർക്ക് ഉൾപ്പെടെയുള്ള സംവിധാനങ്ങൾക്ക് ഇതുവരെ അഗ്നിശമന സേനയുടെ അനുമതി ലഭിച്ചിട്ടില്ലെന്നും ചൂണ്ടി കാണിക്കപ്പെടുന്നു. പാരിസ്ഥിതിക അനുമതിയും പദ്ധതിക്ക് ലഭിച്ചിട്ടില്ലത്രെ. പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ ഉൾപ്പെടുന്ന ചീങ്കണ്ണിപ്പാലിയിൽ തടയണ നിർമിച്ചതിൽ വനംവകുപ്പും പ്രതിക്കൂട്ടിലാണ്. ഇതിനെതിരെ നാട്ടുകാർ നേരത്തേ രംഗത്തെത്തിയിരുന്നു. കൂടരഞ്ഞി വില്ലേജ് കസ്തൂരിരംഗൻ റിപ്പോർട്ടിലെ പരിസ്ഥിതിലോലമേഖലയിൽ ഉൾപ്പെട്ടിട്ടില്ല. ഇതും അനധികൃത നിർമാണ പ്രവൃത്തി എളുപ്പമാക്കിയതായി പറയുന്നു .എം.എൽ.എയുടെയും ഭാര്യയുടെയും പേരിലുള്ള പതിനൊന്ന് ഏക്കർ ഭൂമിയിലാണ് പാർക്ക് .ജില്ല കലക്ടർ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്, റവന്യൂ, വനം വകുപ്പുകൾ എന്നിവ പ്രതിസന്ധിയിലാകും . നിയമാനുസൃതമായാണ് വാട്ടർ തീം പാർക്കിന് അനുമതി നൽകിയതെന്നാണ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫിെൻറ പ്രതികരണം. പാർക്ക് ആരംഭിക്കാൻ പാരിസ്ഥിതികാനുമതി വേണമെന്ന് ചട്ടങ്ങളിൽ പറയുന്നില്ലെന്ന് ഇവർ പറയുന്നു. ഗ്രാമപഞ്ചായത്ത് അനുമതിയോടെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്നാണ് പി.വി. അൻവർ എം.എൽ.എ പറയുന്നത്. 2015ലാണ് കൂടരഞ്ഞി പഞ്ചായത്തിൽ അപേക്ഷ നൽകിയത്. പഞ്ചായത്തിെൻറ മൂന്നംഗ ഉപസമിതിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് പാർക്കിന് അനുമതിലഭിച്ചതെന്നും ആരോപണങ്ങൾ ശരിയല്ലെന്നുമാണ് എം.എൽ.എയുടെ വിശദീകരണം. p3cl8
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.