എം.ഇ.ടി കോളജ്​ സംഘർഷം: പൊതുസ്ഥലത്തെ പ്രചാരണങ്ങൾ പൊലീസ് നീക്കി

നാദാപുരം: കല്ലാച്ചി എം.ഇ.ടി കോളജ് റോഡിൽ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിലെ അനധികൃത കൈയേറ്റങ്ങൾ പൊലീസ് ഒഴിപ്പിച്ചുതുടങ്ങി. കല്ലാച്ചി കോടതി റോഡിനോട് ചേർന്നുള്ള പുറമ്പോക്ക് ഭൂമിയിൽ സ്ഥാപിച്ചിരുന്ന ആർ.എസ്.എസി​െൻറയും സി.പി.എമ്മി​െൻറയും സ്തൂപങ്ങളും കൊടികളും മണ്ണുമാന്തി യന്ത്രമുപയോഗിച്ച് പൊലീസ് നീക്കംചെയ്തു. കോളജിന് മുന്നിൽ റോഡിൽ സ്ഥാപിച്ച എസ്.എഫ്.ഐ, എം.എസ്.എഫ് സംഘടനകളുടെ കൊടികളും തോരണങ്ങളും നീക്കം ചെയ്തിട്ടുണ്ട്. നാദാപുരം മേഖലയിൽ പൊതുസ്ഥലങ്ങളിൽ ചുമരെഴുതുന്നതിനും കൊടികളും പ്രചാരണ ബോർഡുകളും സ്ഥാപിക്കുന്നതിനും വിവിധ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ മത്സരിക്കുന്ന അവസ്ഥയാണ്. പലപ്പോഴും ഇരുട്ടി​െൻറ മറവിൽ ഇത്തരം പ്രചാരണ സാമഗ്രികൾ നശിപ്പിച്ച് കുഴപ്പങ്ങൾ കുത്തിപ്പൊക്കാൻ സാമൂഹികദ്രോഹികൾ നടത്തുന്ന ശ്രമങ്ങൾ മേഖലയിൽ ഏറെ പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്. നിസ്സാര സംഭവങ്ങൾപോലും വളരെ വലിയ അക്രമ സംഭവങ്ങളായി ഉരുത്തിരിയുന്ന സാഹചര്യവുമാണ്. സമാധാന പ്രവർത്തനങ്ങളുടെ ഭാഗമായി നാദാപുരം മേഖലയിൽ പുറമ്പോക്ക് ഭൂമിയിലെയും പൊതു സ്ഥലങ്ങളിലെയും അനധികൃത കൈയേറ്റങ്ങൾ പൂർണമായും ഒഴിപ്പിക്കാനാണ് പൊലീസി​െൻറ തീരുമാനം. കല്ലാച്ചി കെ.എസ്.ഇ.ബി ഡിവിഷന് കീഴിൽ വൈദ്യുതിക്കാലുകളിൽ എഴുതുന്നതും പോസ്റ്ററുകൾ, ബാനറുകൾ, പരസ്യ സാമഗ്രികൾ എന്നിവ കെട്ടുന്നതും നിരോധിച്ചു. നിലവിലുള്ള പരസ്യ സാമഗ്രികൾ എത്രയും വേഗം അഴിച്ചുമാറ്റണമെന്നും അല്ലാത്തപക്ഷം പിഴയടക്കമുള്ള നിയമനടപടികൾ നേരിടേണ്ടി വരുമെന്നും നാദാപുരം ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. പൊതുസ്ഥലത്ത് പ്രചാരണങ്ങൾ സ്ഥാപിക്കരുതെന്ന് പൊലീസ് കർശന നിർദേശം നൽകിയിട്ടും രാഷ്ട്രീയ പാർട്ടികൾ മുഖവിലക്കെടുക്കാത്തതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.