കോഴിക്കോട്: സമ്പൂർണ മാലിന്യ നിർമാർജന പദ്ധതിയായ 'സീറോ വേസ്റ്റ് കോഴിക്കോട്' പദ്ധതിയുടെ ലോഗോ പ്രകാശനം തൊഴിൽ- എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായുള്ള ശിൽപശാലയും മന്ത്രി ഉദ്ഘാടനം ചെയ്തു. മാലിന്യനിർമാർജനത്തിൽനിന്ന് തദ്ദേശസ്ഥാപനങ്ങൾ പുറകോട്ട് പോകുന്നതായി മന്ത്രി പറഞ്ഞു. വികസനപ്രവർത്തനങ്ങളിലേക്ക് തദ്ദേശസ്ഥാപനങ്ങൾ വഴുതിമാറി. ഖരമാലിന്യ സംസ്കരണം തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുക്കണെമന്നും ടി.പി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. കോഴിക്കോട്ട് മാതൃക ലഹരിമുക്ത കേന്ദ്രം സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. പദ്ധതിയെക്കുറിച്ച് ജില്ല കലക്ടർ യു.വി ജോസ് വിശദീകരിച്ചു. ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ. വാസുകി, ഹരിതമിഷൻ വൈസ് ചെയർപേഴ്സൻ ടി.എൻ സീമ, അസിസ്റ്റൻറ് കലക്ടർ സ്നേഹിൽ സിങ്, കോഴിക്കോട് കോർപറേഷൻ സെക്രട്ടറി മൃൺമയി ജോഷി എന്നിവർ സംസാരിച്ചു. എ. പ്രദീപ് കുമാർ എം.എൽ.എയും സംബന്ധിച്ചു. ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന 'ഗരിമ' പദ്ധതിയുടെ ലോഗോ മേയർ പ്രകാശനം ചെയ്തു. കോളനിവാസികൾക്ക് മൂന്നുമാസത്തിനകം പട്ടയം -മന്ത്രി കോഴിക്കോട്: ജില്ലയിലെ കോളനികളിൽ താമസിക്കുന്നവർക്ക് തദ്ദേശസ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പട്ടയം വിതരണം ചെയ്യുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. പട്ടികജാതി-പട്ടികവർഗ കോളനികളിലും ലക്ഷംവീട്, നാല് സെൻറ് കോളനികളിലും താമസിക്കുന്നവരിൽ ചിലർക്ക് പട്ടയമില്ലെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മൂന്നുമാസത്തിനുള്ളിൽ പട്ടയം നൽകുമെന്ന് മന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഭൂനികുതി, കൈവശഭൂമിക്ക് പട്ടയം തുടങ്ങിയ വിഷയങ്ങളിൽ അതിവേഗം പരിഹാരം കാണും. ഇതരസംസ്ഥാന തൊഴിലാളികൾക്കായി ഇൻഷുറൻസ് പദ്ധതി ഉടൻ നടപ്പിലാകുമെന്നും മന്ത്രി അറിയിച്ചു. ജോലിക്കിടെ പരിക്കേറ്റാൽ 15000 രൂപയും മരണം സംഭവിച്ചാൽ രണ്ട് ലക്ഷവും നൽകും. പ്രീമിയം തുക സർക്കാർ നൽകും. ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നവർ ആവശ്യമായ സൗകര്യങ്ങളൊരുക്കണെമന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.