കോഴിക്കോട്: കല്ലായിപ്പുഴ കൈയേറ്റങ്ങൾക്കെതിരെയും പുഴ മാലിന്യത്തിനെതിരെയും ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തിൽ നടക്കുന്ന നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ചും പുഴ സംരക്ഷണത്തിന് കർമപദ്ധതി തയാറാക്കണമെന്ന് ആവശ്യപ്പെട്ടും കല്ലായിപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പുഴയോരത്ത് ഐക്യദാർഢ്യ സദസ്സ് നടത്തി. മുൻ മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ഐക്യദാർഢ്യ പ്രതിജ്ഞ അദ്ദേഹം ചൊല്ലിക്കൊടുത്തു. പ്രലോഭനങ്ങൾക്കും ഭീഷണിക്കും വഴങ്ങാതെ ശക്തമായ നിലപാട് സ്വീകരിച്ചാൽ കല്ലായിപ്പുഴയെ മണവാട്ടിയാക്കാമെന്നും കൈയേറ്റഭൂമി രാഷ്ട്രീയ സ്വാധീനത്തിൽ നിലനിർത്താൻ ശ്രമിച്ചാൽ പുഴയെ കൊല്ലുന്നതിന് തുല്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കല്ലായിപ്പുഴയോരത്ത് നേരത്തേ മരവ്യവസായവും പുഴയും ഉണ്ടായിരുന്നു. ഇന്ന് പുഴയുമില്ല, മരവ്യവസായവുമില്ല എന്ന സാഹചര്യമാണ്. കൈയേറ്റങ്ങൾക്കെതിരെ രാഷ്ട്രീയത്തിനതീതമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയില്ലെങ്കിൽ ഭാവിതലമുറക്ക് കരുതിവെക്കാൻ പുഴയുണ്ടാവില്ല. പുഴ സംരക്ഷണത്തിന് ശക്തമായ മുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് എസ്.കെ. കുഞ്ഞിമോൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല, ബി. ജെ.പി ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ, പുഴ സംരക്ഷണ ഏകോപന സമിതി ജില്ല പ്രസിഡൻറ് ടി.കെ.എ. അസീസ്, പ്രശാന്ത് കളത്തിങ്ങൽ, എം.പി. കോയട്ടി, ഇ.പി. അശ്റഫ്, കെ.പി. രാധാകൃഷ്ണൻ, കുഞ്ഞാവ മാനാകുളം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി സ്വാഗതവും പി.പി. ഉമ്മർകോയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.