മാലിന്യപ്രശ്നം: പെരുവയലിൽ 54 മുറികളിൽ നിന്ന്​ താമസക്കാരെ ഒഴിപ്പിക്കുന്നു; മാലിന്യം തള്ളിയ ഓട്ടോക്ക് 15,000 പിഴ

കുറ്റിക്കാട്ടൂർ: മാലിന്യപ്രശ്നം രൂക്ഷമായ ഫ്ലാറ്റുകളിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് നടത്തിയ പരിശോധനയിൽ 10 സ്ഥാപനങ്ങളിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കാൻ നോട്ടീസ് നൽകി. പതിനായിരം രൂപ വീതം പിഴ അടക്കാനും നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ഷറഫുദ്ദീൻ, സെക്രട്ടറി എ.കെ. വിശ്വനാഥൻ, ഹെൽത്ത് ഇൻസ്പെക്ടർ വി. സെമീർ എന്നിവരടങ്ങിയ സംഘം മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് നടപടി. അവധിദിവസവും രാത്രിയിലുമുൾപ്പെടെയാണ് പരിശോധന നടന്നത്. പുവ്വാട്ടുപറമ്പ്, കുറ്റിക്കാട്ടൂർ, വെള്ളിപറമ്പ്, പള്ളിത്താഴം, കീഴ്മാട് എന്നിവിടങ്ങളിലെ ഫ്ലാറ്റുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 54 മുറികളിൽ നിന്നാണ് 10 ദിവസത്തിനകം താമസക്കാരെ ഒഴിപ്പിക്കുക. കെട്ടിട ഉടമക്ക് നോട്ടീസ് നൽകിയതിനൊപ്പം ഇതരസംസ്ഥാന തൊഴിലാളികളായ താമസക്കാരോട് മുറി ഒഴിയുന്നതിന് നേരിട്ട് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. മാലിന്യസംസ്കരണസംവിധാനമില്ലാതെ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. താമസയോഗ്യമല്ലാത്ത കെട്ടിടങ്ങളാണ് ഇവയിലേറെയും. ഇതരസംസ്ഥാന തൊഴിലാളികളെയാണ് ഇവയിലെല്ലാം താമസിപ്പിച്ചത്. മലിനജലവും പാഴ്വസ്തുക്കളും തുറസ്സായ സ്ഥലങ്ങളിലേക്ക് ഒഴുക്കുക, താമസആവശ്യത്തിനല്ലാത്ത കെട്ടിടത്തിൽ ജനങ്ങളെ താമസിപ്പിക്കൽ, കക്കൂസ് ടാങ്ക് പൊട്ടിയൊലിക്കൽ, ഒരു മുറിയിൽ അനിയന്ത്രിതമായി കൂടുതൽപേരെ താമസിപ്പിക്കൽ, മാലിന്യസംസ്കരണ സംവിധാനം ഒരുക്കാതിരിക്കൽ എന്നീ ഗുരുതരവീഴ്ചകളാണ് കണ്ടെത്തിയത്. കാലവർഷത്തിന് മുമ്പ് മുഴുവൻ ഫ്ലാറ്റുകളിലും ഗ്രാമപഞ്ചായത്ത് പ്രത്യേക സ്ക്വാഡിനെ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. ഇതിൽ പ്രശ്നം നിലനിന്ന 40 കെട്ടിടങ്ങൾക്ക് പരിഹരിക്കുന്നതിന് ഒരുമാസം സമയം അനുവദിച്ചു. ഇതിനുശേഷം നടന്ന പരിശോധനയിൽ 13 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. പകർച്ച വ്യാധികൾ വ്യാപകമായ സാഹചര്യത്തിലാണ് വീണ്ടും പരിശോധന നടത്തിയത്. കായലം പള്ളിത്താഴത്ത് സ്കൂളിന് സമീപം മാലിന്യം തള്ളിയ ഓട്ടോ ൈഡ്രവറിൽനിന്ന് 15,000 രൂപ പിഴ ഈടാക്കി. രാത്രിസമയം ഭക്ഷണമാലിന്യം കവറിലാക്കിയാണ് ഇവിടെ തള്ളിയത്. നാട്ടുകാർ വാഹനം പിടികൂടുകയായിരുന്നു. പഞ്ചായത്തീരാജ് 219 വി 3(1) പ്രകാരമാണ് നടപടി. പരാതിയുമായി ഓഫിസ് കയറേണ്ട വാട്സ് ആപ് സന്ദേശത്തിൽ നടപടി കുറ്റിക്കാട്ടൂർ: മാലിന്യപ്രശ്നം വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി കർശനമാക്കിയ പെരുവയൽ ഗ്രാമപഞ്ചായത്തിൽ പരാതി അറിയിക്കാനും ലളിതമായ സംവിധാനം. ഇനി മുതൽ ഇത്തരം പരാതിയുമായി ഓഫിസ് കയറിയിറങ്ങേണ്ട. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ഷറഫുദ്ദീ​െൻറ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയച്ചാൽ മതി. അവധി ദിവസവും രാത്രി സമയവുമുൾപ്പെടെ ഇത്തരം പരാതികൾ പരിശോധിച്ച് നടപടി കൈക്കൊള്ളാൻ ഭരണസമിതി സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫോൺ: 9895338087.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.