ഭൂമി കൈയേറ്റം: ജനപ്രതിനിധിയുടെ പരാതിക്ക് അടിസ്ഥാനമില്ലെന്ന് സൗപർണിക ക്ലബ് തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ മുത്തപ്പൻപുഴ കിളിക്കല്ല് റോഡിൽ സ്വകാര്യവ്യക്തി പുറമ്പോക്ക് ഭൂമി ൈകയേറി കെട്ടിടം നിർമിക്കുന്നുവെന്ന ജനപ്രതിനിധിയുടെ പരാതിക്ക് അടിസ്ഥാനമില്ലെന്ന് തിരുവമ്പാടി സൗപർണിക പബ്ലിക് ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്. വനംവകുപ്പിന് കൃഷിയിടങ്ങളിൽ ജണ്ടകെട്ടാൻ അവസരമൊരുക്കാനാണ് വ്യാജ പരാതി നൽകുന്നത്. സാമ്പത്തിക താൽപര്യം ലക്ഷ്യമിട്ടാണ് പുറമ്പോക്ക് ഭൂമി കൈയേറിയെന്ന ആരോപണമുന്നയിക്കുന്നതെന്ന് ക്ലബ് ഭാരവാഹികൾ കുറ്റപ്പെടുത്തി. പ്രദേശത്തെ ആദിവാസി കോളനിയിലെ വീടുകൾ, റവന്യൂ ഭൂമിയിലെ അഞ്ച് വീടുകൾ, പഞ്ചായത്ത് റോഡ്, വൈദ്യുതി ലൈൻ തുടങ്ങിയവ കൈയേറി നിർമിച്ചതാണോയെന്ന് വ്യക്തമാക്കണം. പരാതി പരിഗണിച്ചാൽ മുത്തപ്പൻപുഴ പള്ളി സെമിത്തേരിയും പുറമ്പോക്ക് ഭൂമിയിൽ ഉൾപ്പെടും. റവന്യൂ അധികൃതരുടെ പരിശോധനയും തഹസിൽദാറുടെ ഹിയറിങ്ങും കഴിഞ്ഞ് പട്ടയം നൽകിയ ഭൂമി പുറമ്പോക്കാണെന്ന് ആരോപിക്കുന്ന ജനപ്രതിനിധി വ്യക്തിതാൽപര്യത്തിനായി ജനവിരുദ്ധ നിലപാട് സ്വീകരിച്ചിരിക്കുകയാണെന്ന് യോഗം ആരോപിച്ചു. സി.ഐ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജോമോൻ ലൂക്കോസ്, സാലസ് മാത്യു, സി.ബി. അനിൽ, ബെന്നി കാരിക്കാട്ടിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.